സിപിഎം-ബിജെപി പോര് മുറുകുന്നു; ഇന്ന് അമിത് ഷായുടെ എകെജി ഭവന്‍ മാര്‍ച്ച്; മറുപടി മാര്‍ച്ചുമായി സിപിഎം 

കേരളത്തില്‍ തുടങ്ങിയ സിപിഎം-ബിജെപി പോര് ദേശീയതലത്തില്‍ മുറുകുന്നു
സിപിഎം-ബിജെപി പോര് മുറുകുന്നു; ഇന്ന് അമിത് ഷായുടെ എകെജി ഭവന്‍ മാര്‍ച്ച്; മറുപടി മാര്‍ച്ചുമായി സിപിഎം 

ന്യൂഡല്‍ഹി: കേരളത്തില്‍ തുടങ്ങിയ സിപിഎം-ബിജെപി പോര് ദേശീയതലത്തില്‍ മുറുകുന്നു. കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര തുടരുന്നതിനിടയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. കൊണാട്ട് പ്ലേസില്‍ നിന്നാണ് മാര്‍ച്ച്. 

തങ്ങള്‍ക്കെതിരെ ബിജെപി അഴിച്ചുവിടുന്ന നുണ പ്രചാരണങ്ങളെ ശക്തമായി ചെറുക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. അതിന്റെ ഭാഗമായി നാളെ ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാര്‍ച്ച് നടത്തും.

മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം ഭരണത്തില്‍ സ്വാധീനമുള്ള സിപിഎമ്മിനെതിരെ 17 സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള ബിജെപി ദേശീയ നേതാക്കളെ അണിനിരത്തി  പ്രതിരോധിക്കുന്നുണ്ടെങ്കില്‍ അത് തങ്ങളുടെ രാഷ്ട്രീയ വിജയമാണ് എന്നാണ് സിപിഎം വിലയിരുത്തല്‍. കേരളത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ബിജെപിക്കെതിരെ ശക്തമായ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. 

അതേസമയം കേരളത്തില്‍ ജനരക്ഷാ യാത്രയിലൂടെ സിപിഎം വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കണ്ണൂരില്‍ ആര്‍എസ്എസ്-ബിജെപി ആക്രമണങ്ങള്‍ക്കിരയായവരുടെ സത്യാഗ്രഹം നടത്തും. തിങ്കളാഴ്ചയാണ് സത്യാഗ്രഹം.

അമിത് ഷായുടെ അഭാവം മങ്ങലേല്‍പ്പിച്ച ജനരക്ഷാ യാത്രയ്ക്ക് കണ്ണൂരില്‍ തണുപ്പന്‍ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വേങ്ങരയിലൂടെയാണ് യാത്ര കടന്നുപോകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com