ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്; പ്രേംകുമാര്‍ ദുമല്‍ ഉള്‍പ്പെടെ 68 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകന് എതിരെ ബിജെപി നിര്‍ത്തുന്നത് വീരഭദ്രസിങിന്റെ വിശ്വസ്തനെ 
ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്; പ്രേംകുമാര്‍ ദുമല്‍ ഉള്‍പ്പെടെ 68 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി  പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ദുമല്‍ ഉള്‍പ്പെടെ 68 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. സിറ്റിങ് സീറ്റായ ഹമീര്‍പൂരിന് പകരം സുജാന്‍പൂരില്‍ നിന്നുമാണ് പ്രേംകുമാര്‍ ദൂമല്‍ ജനവിധി തേടുക. 15 പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ആറു സ്ത്രീകളും മത്സരരംഗത്തുണ്ട്. 

മുതിര്‍ന്ന നേതാക്കളായ പ്രേംകുമാര്‍ ദുമലും ശാന്തകുമാറും ബിജെപി സംസ്ഥാന ഘടകത്തില്‍ രണ്ട് പക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവരെയും തൃപ്തിപ്പെടുത്തുന്ന പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.  ദുമലിന്റെ അനുയായികള്‍ക്കും ശാന്തകുമാറിന്റെ വിശ്വസ്തന്‍മാര്‍ക്കും സീറ്റുകള്‍ നല്‍കി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുളള തന്ത്രത്തിനാണ് ബിജെപി രൂപം നല്‍കിയിരിക്കുന്നത്. ശാന്തകുമാറുമായും പ്രേം കുമാര്‍ ദുമലുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയും  ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ ജെ പി നഡ്ഡയാണ് പട്ടിക പുറത്തുവിട്ടത്. ഹിമാചല്‍ പ്രദേശ് ബിജെപി ഘടകത്തിലെ രൂക്ഷമായ ഭിന്നത പരിഹരിക്കുകയായിരുന്നു ജെ പി നഡ്ഡയുടെ സംസ്ഥാന സന്ദര്‍ശനത്തിന്റെ ലക്ഷ്യം. മുന്‍ മന്ത്രി കൃഷ്ണ കപൂര്‍, സംസ്ഥാന മഹിളാ മോര്‍ച്ച പ്രസിഡന്റ് ഇന്ദു ഗോസ്വാമി എന്നിവരും പട്ടികയില്‍ ഇടം നേടി എന്നതാണ് മറ്റൊരു പ്രത്യേകത. ഇവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സംസ്ഥാന ഘടകത്തില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. അമിത് ഷായുടെ ശക്തമായ പിന്തുണയാണ് ഇന്ദു ഗോസ്വാമിയ്ക്ക് തുണയായത്.

സംസ്ഥാന മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങിന്റെ വിശ്വസ്തനായ പ്രമോദ് ശര്‍മ്മയും ബിജെപി പട്ടികയില്‍ ഇടംപിടിച്ചതാണ് മറ്റൊരു സുപ്രധാനകാര്യം.  വീരഭദ്രസിങ് തന്റെ സിറ്റിങ് സീറ്റായ ഷിംല റൂറല്‍ മകനായ വിക്രമാദിത്യയ്ക്ക് വെച്ചു നീട്ടിയതിലുളള പ്രമോദ് ശര്‍മ്മയുടെ പ്രതിഷേധം ബിജെപി ആയുധമാക്കുകയായിരുന്നു. ഷിംല റൂറില്‍ വിക്രമാദിത്യയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി ടിക്കറ്റിലാണ് പ്രമോദ് ശര്‍മ്മ മത്സരിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com