ബിഹാറില്‍ വീണ്ടും കൂട്ട കോപ്പിയടി; കോളജ് വരാന്തയില്‍ കൂട്ടമായിരുന്നു പുസ്തകം നോക്കി പരീക്ഷയെഴുതി വിദ്യാര്‍ത്ഥികള്‍

015ല്‍ സമാനമായ സംഭവം ബിഹാറില്‍ നടന്നിരുന്നു
ബിഹാറില്‍ വീണ്ടും കൂട്ട കോപ്പിയടി; കോളജ് വരാന്തയില്‍ കൂട്ടമായിരുന്നു പുസ്തകം നോക്കി പരീക്ഷയെഴുതി വിദ്യാര്‍ത്ഥികള്‍

പട്‌ന: ബിഹാറില്‍ വീണ്ടും കൂട്ട കോപ്പിയടി വിവാദം. ഭോജ്പുര്‍ ജില്ലയിലെ അറാ നഗരത്തിലുള്ള വീര്‍ കന്‍വര്‍ സിങ് സര്‍വകലാശാലയ്ക്കു (വികെഎസ്‌യു) കീഴിലെ കോളജുകളിലാണു കൂട്ട കോപ്പിയടി നടന്നത്. വെള്ളിയാഴ്ച നടന്ന ബിരുദ പരീക്ഷയിലാണു നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ക്രമക്കേട് കാണിച്ചത്.മഹാരാജ കോളജ്, പൈഹരിജി മഹാരാജ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ വീര്‍ കന്‍വര്‍ സിങ് കോളജിന്റെ വാരാന്തയിലിരുന്നു പുസ്തകം വെച്ച കോപ്പിയടിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

2015ല്‍ സമാനമായ സംഭവം ബിഹാറില്‍ നടന്നിരുന്നു. അന്ന് പത്താം ക്ലാസ് പരീക്ഷയില്‍ കൂട്ടക്കോപ്പിയടി നടന്നിരുന്നു. അന്ന് കോപ്പിയടിച്ചതിന്റ പേരില്‍ 760 വിദ്യാര്‍ത്ഥികളെ പുറത്താക്കിയിരുന്നു. പരീക്ഷ എഴുതിയ കുട്ടികളെ സഹായിക്കാന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ വലിഞ്ഞുകയറിയവരുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അന്നത്തെ കൂട്ട കോപ്പിയടി പുറലോകം അറിഞ്ഞത്. സ്‌കൂള്‍ കെട്ടിടത്തില്‍ വലിഞ്ഞു കയറിയവരെ വെടിവെച്ചു വീഴ്ത്തണമായിരുന്നോ എന്നാണ് വിദ്യാഭ്യാസ മന്ത്രി അന്ന് ചോദിച്ചത്. 

സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിട്ടതായും സര്‍വകലാശാല വൈസ് ചാന്‍സലര്‍ സയിദ് മുംതാസുദ്ദീന്‍ പറഞ്ഞു.കോപ്പിയടിയിലൂടെ വിവാദമായ ഫിസിക്‌സ് പേപ്പറിന്റെ പരീക്ഷ റദ്ദാക്കിയതായി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ സഞ്ജയ് കുമാര്‍ ത്രിപാഠിയും അറിയിച്ചു. 

കോളജില്‍ 2300 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമേയുള്ളുവെന്നും എന്നാല്‍ സര്‍വകലാശാല 4400 വിദ്യാര്‍ഥികളുടെ പരീക്ഷാസെന്ററായി നിശ്ചയിച്ചത് ഈ കോളജിനെയാണ്. ക്ലാസില്‍ തിങ്ങിക്കൂടി ഇരിക്കാന്‍ സാധിക്കാത്തതിനാലും കടുത്ത ചൂട് ഉള്ളതിനാലുമാണ് കുട്ടികള്‍ വരാന്തയിലേക്കു മാറിയത്. സര്‍വകലാശാല സാമ്പത്തിക സഹായം അനുവദിച്ചാല്‍ കൂടുതല്‍ ബഞ്ചും ഡെസ്‌കും വാങ്ങിക്കാമായിരുന്നെന്നുമാണ് വീര്‍ കന്‍വര്‍ സിങ് കോളജ് അധികൃതരുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com