പിബിയില്‍ മുസ്ലിം സംവരണം, നേതാക്കള്‍ ബംഗാള്‍ വിരുദ്ധര്‍; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി എംപി

ആഢംബര ജീവിതത്തിന്റെ പേരില്‍ നടപടി നേരിട്ട ഋതബ്രത ബാനര്‍ജിയാണ് നേതൃത്വത്തിന് എതിരെ രംഗത്തുവന്നിരിക്കുന്നത്‌
പിബിയില്‍ മുസ്ലിം സംവരണം, നേതാക്കള്‍ ബംഗാള്‍ വിരുദ്ധര്‍; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി എംപി

കൊല്‍ക്കത്ത: സിപിഎം നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാളില്‍നിന്നുള്ള നേതാവും പാര്‍ട്ടിയുടെ രാജ്യസഭാംഗവുമായ ഋതബ്രത ബാനര്‍ജി. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ മുസ്ലിം സംവരണമുണ്ടെന്നും അതുകൊണ്ടാണ് മുഹമ്മദ് സലീം പിബിയില്‍ എത്തിയതെന്നും ഋതബ്രത ആരോപിച്ചു. സിപിഎം ദേശീയ നേതൃത്വത്തില്‍ ഭൂരിപക്ഷവും ബംഗാള്‍ വിരുദ്ധരാണെന്നും ഋതബ്രത കുറ്റപ്പെടുത്തി. ഋതബ്രത ബാനര്‍ജി ബംഗാളി ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖം ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

സിപിഎം പൊളിറ്റ് ബ്യൂറോയില്‍ മുസ്ലിം സംവരണമുണ്ട്. അതുകൊണ്ടു മാത്രമാണ് മുഹമ്മദ് സലിം പിബി അംഗമായത്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എങ്ങനെയാണ് മുസ്ലിംകള്‍ക്ക് സംവരണം നല്‍കാനാവുക? വനിതാ സംവരണം പോലും എങ്ങനെ നല്‍കാനാവുമെന്ന് ഋതബ്രത ചോദിക്കുന്നു. തന്നെ രാജ്യസഭയിലേക്കു തെരഞ്ഞടുത്തപ്പോള്‍ മുതല്‍ മുഹമ്മദ് സലിം തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് ഋതബ്രത കുറ്റപ്പെടുത്തി. ആഢംബര ജീവിതത്തിന്റെ പേരില്‍ ഋതബ്രതയ്‌ക്കെതിരെ നേരത്തെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. അന്വേഷണം നടത്തുന്നതിനു മുമ്പാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്ന് അഭിമുഖത്തില്‍ ഋതബ്രത പറഞ്ഞു. മുഹമ്മദ് സലീമിന്റെ  നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്‍ ജാതിക്കോടതി പോലെയാണ് പ്രവര്‍ത്തിച്ചത്. സസ്‌പെന്‍ഷനു ശേഷം താന്‍ പ്രതികരിക്കാതിരുന്നപ്പോള്‍ തനിക്കെതിരെ പ്രചാരണം അഴിച്ചുവിടുകയാണ് അവര്‍ ചെയ്തത്. അന്വേഷണ കമ്മിഷന്റെ നടപടികള്‍ ഞാന്‍ രഹസ്യമായി റെക്കോഡ് ചെയ്തിട്ടുണ്ട്. അവര്‍ എന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് നിയമവിരുദ്ധമായി എടുത്തു. ഇക്കാര്യം അന്വേഷിക്കാന്‍ കേന്ദ്ര ധനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഋതബ്രത പറഞ്ഞു. കൊല്‍ക്കത്ത പൊലീസിന്റെ സൈബര്‍ വിങ്ങിലും പരാതി നല്‍കും.

സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തില്‍ ഭൂരിപക്ഷവും ബംഗാള്‍ വിരുദ്ധരാണ്. 1996ല്‍ അവര്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാവാന്‍ അനുവദിച്ചില്ല. അതു ചരിത്രപരമായ വിഡ്ഡിത്തമായെന്ന് ബസു തന്നെ പിന്നീടു പറഞ്ഞത് ഋതബ്രത ചൂണ്ടിക്കാട്ടി. പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ചേര്‍ന്നാണ് സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമാവുന്നതില്‍നിന്നു തടഞ്ഞതെന്നും ഋതബ്രത ആരോപിച്ചു.

ആഢംബര ജീവിത ശൈലിയുടെ പേരില്‍ ഋതബ്രതയെ സംസ്ഥാന സമിതിയില്‍നിന്ന് പുറത്താക്കണമെന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സിപിഎം ബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

അഭിമുഖം സംപ്രേഷണം ചെയ്തതോടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഋതബ്രതയെ പാര്‍ട്ടി നടപടിയുണ്ടാവുമെന്നാണ് സൂചനകള്‍. അതേസമയം ഋതബ്രത ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com