യുഎന്നിനെ തള്ളി കേന്ദ്രസര്‍ക്കാര്‍; റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ രാജ്യസുരക്ഷയ്ക്ക്  ഭീഷണി

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക്  ഭീഷണി- - ഇവരെ തിരിച്ചയക്കുമെന്നും സര്‍ക്കാര്‍ - ഇക്കാര്യത്തില്‍ യുഎന്‍ നിയമം ബാധകമല്ലെന്നും കേന്ദ്രസര്‍ക്കാര്‍
യുഎന്നിനെ തള്ളി കേന്ദ്രസര്‍ക്കാര്‍; റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ രാജ്യസുരക്ഷയ്ക്ക്  ഭീഷണി

ന്യൂഡല്‍ഹി:  റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക്  ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇവരെ തിരിച്ചയക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.  ഇവര്‍ ഭീകരസംഘടനകളില്‍ ചേരാനുള്ള സാധ്യതതയും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ യുഎന്‍ നിയമം ബാധകമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 

മ്യാന്‍മറില്‍ റോഹിങ്ക്യക്കാര്‍ പരക്കെ ആക്രമണത്തിന് വിധേയരാവുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരികെ അയക്കാനുള്ള ശ്രമത്തെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിലപാട് ശരിയല്ലെന്നായിരുന്നു അഭിപ്രായം.  

ഇന്ത്യയിലുള്ള റോഹിന്‍ഗ്യന്‍ സമൂഹത്തിന്റെ ജീവനും സ്വാതന്ത്യവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭയാര്‍ത്ഥികളായ മുഹമ്മദ് സലീമുള്ളയും മുഹമ്മദ് ഷക്കീറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അഭയാര്‍ഥികളായി ഇന്ത്യയിലേയ്‌ക്കെത്തിയവരെ മ്യാന്മാറിലേയ്ക്കു തന്നെ തിരികെ അയയ്ക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി, കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടത്.

പ്രശാന്ത് ഭൂഷണും പ്രണവ് സച്ച്‌ദേവയുമാണ് റോഹിങ്ക്യന്‍ സമൂഹത്തിനായി വാദിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം. ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നിയമപരമായി ഇവിടെ അഭയാര്‍ത്ഥികളായിരിക്കുന്നവരെ യുഎന്‍ ചട്ടപ്രകാരം തുടരാന്‍ അനുവദിക്കുകയും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന റോഹിന്‍ഗ്യകളെ കണ്ടെത്താന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം കൊടുക്കുകയും ഇങ്ങനെ കണ്ടെത്തുന്നവരെ നിയമപരമായി നാടുകടത്തുമെന്നുമാണ് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചത്. 


രാജ്യത്ത് 14,000 റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങള്‍ യുഎന്‍ ഹൈകമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജിജു ആഗസ്റ്റ് ഒമ്പതിന് പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്. അരലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇവിടെ തങ്ങുന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ജമ്മു, ഹൈദരാബാദ്, ഹരിയാന, യുപി, ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ കുടിയേറി താമസിക്കുന്നുണ്ട്.

ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ റോഹിന്‍ഗ്യകള്‍ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് സൈനികര്‍ റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ അക്രമം അഴിച്ചുവിടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ജനങ്ങള്‍ പാലായനം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. സൈനിക നടപടികളില്‍ നാനൂറിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com