മോദി എത്തിയതിന് ശേഷം വിഐപി സുരക്ഷയില്‍ വിലസുന്നവര്‍ കൂടി; വെട്ടിനിരത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇതുവരെ 475 വ്യക്തികള്‍ക്കാണ് വിഐപി പദവി നല്‍കി സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയത്
മോദി എത്തിയതിന് ശേഷം വിഐപി സുരക്ഷയില്‍ വിലസുന്നവര്‍ കൂടി; വെട്ടിനിരത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭരണത്തിലിരിക്കുന്നവരുടേയും, രാഷ്ട്രീയ നേതാക്കളുടേയും വിഐപി സംസ്‌കാരത്തിനെതിരെ ശക്തമായ നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇതുവരെ 475 വ്യക്തികള്‍ക്കാണ് വിഐപി പദവി നല്‍കി സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയത്. 

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 350 വ്യക്തികള്‍ക്കായിരുന്നു വിഐപി പദവി നല്‍കി സുരക്ഷ ഒരുക്കിയിരുന്നത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ വിഐപികള്‍ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമായതോടെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 

ചിലര്‍ക്ക് എന്‍എസ്ജി സുരക്ഷയോടൊപ്പം പാരമിലിറ്ററി വിഭാഗത്തിന്റെ സുരക്ഷയുമുണ്ട്. ഇങ്ങനെയുള്ളവരുടെ എന്‍എസ്ജി സുരക്ഷ ഇല്ലാതാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും എന്‍എസ്ജിയ്ക്ക പുറമെ സിആര്‍പിഎഫിന്റെ സുരക്ഷയുമുണ്ട്. എന്നാല്‍ എംഎല്‍എ പോലും അല്ലാതിരിക്കുകയും, അപൂര്‍വമായി മാത്രം അദ്ദേഹത്തിന്റെ സംസ്ഥാനത്ത് നിന്നും പുറത്തേക്ക് പോകുന്നതിനാലും, അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍എസ്ജി സുരക്ഷ പിന്‍വലിച്ചേക്കും. 

ഇതുകൂടാതെ യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്, ഡിഎംകെ നേതാവ് കരുണാനിധി എന്നിവര്‍ക്കുള്ള എന്‍എസ്ജി സുരക്ഷയും പിന്‍വലിച്ചേക്കും. 

50 വ്യക്തികള്‍ക്കാണ് മോദി സര്‍ക്കാര്‍ Z കാറ്റഗറി സുരക്ഷ നല്‍കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരാകട്ടെ 26 പേര്‍ക്കായിരുന്നു Z കാറ്റഗറി സുരക്ഷ നല്‍കിയിരുന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകനുള്‍പ്പെടെ 15 രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്കും എന്‍എസ്ജി സുരക്ഷയുണ്ട്. ഈ വിഐപികള്‍ സുരക്ഷ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നു എന്ന പരാതി ലഭിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഉത്തര്‍പ്രദേശിലാണ് വിഐപി രാഷ്ട്രീയ നേതാക്കളുടെ എണ്ണം കൂടുതല്‍. മുഖ്യമന്ത്രി ആദിത്യനാഥ്, മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, മായാവതി എന്നിവര്‍ക്ക് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com