നുണകളുടെ പുറത്താണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കെട്ടിപൊക്കിയത്: മേധാ പട്കര്‍

അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നാടക പരിപാടി പൂര്‍ണ പരാജയമായിരുന്നുവെന്നും മോധാ പട്കര്‍
നുണകളുടെ പുറത്താണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കെട്ടിപൊക്കിയത്: മേധാ പട്കര്‍

നുണകളുടെ പുറത്താണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കെട്ടിപൊക്കിയതെന്ന് നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവ് മോധാ പട്കര്‍. അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നാടക പരിപാടി പൂര്‍ണ പരാജയമായിരുന്നുവെന്നും അവര്‍ പറഞ്ഞു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെ കുറിച്ചുള്ള മിഥ്യയും വികസനത്തെ കുറിച്ചുള്ള സംവാദവും ഇന്ന് 'എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മേധ.

വികസനത്തെ കുറിച്ചുള്ള സംവാദമാണ് ഇന്ന് ആവശ്യം. സമരം ഇന്ന് നിര്‍ണായക ഘട്ടത്തിലാണ്.എല്ലാവരുടെയും ഉപദേശങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്. അണക്കെട്ട് പൂര്‍ത്തീകരിച്ചുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അവിടെ ഒരു കോണ്‍ക്രീറ്റ് മതില്‍ മാത്രമാണ് പണിതിട്ടുള്ളത് ഞങ്ങളുടെ സമരം അവസാനിച്ചിട്ടില്ല. 40,000 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

ജവഹര്‍ലാല്‍ നെഹ്‌റുവാണ് അണക്കെട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചതെന്നാണ് പറയുന്നത്. അത് ശരിയല്ല. അദ്ദേഹം ശിലാസ്ഥാപനം നടത്തിയ അണക്കെട്ടിന്റെ പുനരധിവാസം പോലും പൂര്‍ത്തിയായിട്ടില്ല. പ്രധാനമന്ത്രിക്ക് ഈ അധ്യായം അടക്കണമായിരിക്കാം. പക്ഷേ, നര്‍മദ തീരത്തെ ജനങ്ങള്‍ക്ക് ഇതുവരെ പൂര്‍ണ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല. 

അണക്കെട്ടിന്റെ ഉദ്ഘാടനം തന്റെ ജന്മദിനത്തില്‍ നടത്തിയുള്ള പ്രധാനമന്ത്രിയുടെ നാടകം പൊളിയുകയാണുണ്ടായത്. ഗുജറാത്ത് മുഖ്യമന്ത്രിയല്ലാതെ പദ്ധതിയുടെ സഹായം ലഭിക്കുന്നുവെന്ന് അവകാശപെടുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല,അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com