മധ്യപ്രദേശില്‍ പുതുതന്ത്രവുമായി കോണ്‍ഗ്രസ് ;പട നയിക്കാന്‍ ജ്യോതിരാദിത്യ, പിസിസിയില്‍ കമല്‍നാഥ് 

മധ്യപ്രദേശില്‍ പുതുതന്ത്രവുമായി കോണ്‍ഗ്രസ് ;പട നയിക്കാന്‍ ജ്യോതിരാദിത്യ, പിസിസിയില്‍ കമല്‍നാഥ് 

ആസന്നമായിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി സൂചന

ഭോപ്പാല്‍: ആസന്നമായിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനായി ജ്യോതിരാദിത്യസിന്ധ്യയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുളള കോണ്‍ഗ്രസിലെ ആശയക്കുഴപ്പത്തിന് ഏകദേശം പരിഹാരമായിയെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു. 

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് പേരുടെ പേരാണ് മുഖ്യമായി ഉയര്‍ന്നു കേള്‍ക്കുന്നത്. മുതിര്‍ന്ന നേതാക്കളായ കമല്‍ നാഥ്, ദിഗ് വിജയ് സിങ് എന്നിവര്‍ക്ക് പുറമേ ജ്യോതിരാദിത്യ സിന്ധ്യയുമാണ് മത്സരരംഗത്തുളളത്. ഇതില്‍ സിന്ധ്യയുടെ പേരിനായിരുന്നു കഴിഞ്ഞ കുറെ നാളായി മുന്‍തൂക്കം. അടുത്തിടെ മധ്യപ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ മിന്നുന്ന വിജയം സിന്ധ്യയുടെ നേതൃത്വത്തിലായിരുന്നു. ഇതാണ് സിന്ധ്യയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടി കൊടുത്തത്. ഇതിന് പുറമേ രാഹുല്‍ ഗാന്ധിയുടെ പിന്തുണയും സിന്ധ്യയ്ക്കാണെന്നാണ് പൊതുവെയുളള അടക്കംപറച്ചില്‍. 

സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന സൂചനകള്‍ക്ക് ബലം നല്‍കുന്നതാണ് മധ്യപ്രദേശ് പിസിസി അധ്യക്ഷന്റെ തെരഞ്ഞെടുപ്പ്. മുതിര്‍ന്ന നേതാവ് കമല്‍ നാഥിനെയാണ് പിസിസി അധ്യക്ഷനായി രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സിന്ധ്യയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തലത്തിലേയ്ക്കുളള കടന്നുവരവിന് തടസ്സം ഒഴിവാക്കാനാണെന്നാണ് പൊതുവിലയിരുത്തല്‍. കമല്‍നാഥിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസില്‍ ഭിന്നത സൃഷ്ടിക്കുമെന്ന്് നേതൃത്വം ഭയപ്പെടുന്നു. കമല്‍ നാഥിനെ തൃപ്തിപ്പെടുത്തി ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേയ്ക്ക് ഇടക്കാലത്ത് പറഞ്ഞുകേട്ടിരുന്ന മറ്റൊരു മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് ഇനി മത്സരത്തിന് ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതിന് മുമ്പ് രണ്ടു തവണ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കമല്‍നാഥുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ദിഗ് വിജയ് സിങ് സുഹൃത്തിന് പാര്‍ട്ടിയില്‍ അര്‍ഹിച്ച പരിഗണന നല്‍കണമെന്ന ആവശ്യമാണ് മുഖ്യമായി മുന്നോട്ടുവെയ്ക്കുന്നത്. ഇതും കമല്‍നാഥിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതോടെ പരിഹരിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com