സ്വകാര്യ ബസുകളുടെ കുത്തക അവസാനിപ്പിക്കാന്‍ തച്ചങ്കരി; മലബാര്‍ പിടിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

സ്വകാര്യ ബസുകള്‍ക്ക് മേല്‍ക്കോയ്മയുള്ള വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി
സ്വകാര്യ ബസുകളുടെ കുത്തക അവസാനിപ്പിക്കാന്‍ തച്ചങ്കരി; മലബാര്‍ പിടിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് മേല്‍ക്കോയ്മയുള്ള വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി. കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനുള്ള സിഎംടി ടോമിന്‍ തച്ചങ്കരിയുടെ അടുത്ത പദ്ധതിയാണിത്. കെഎസ്ആര്‍ടിസിയെ തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് മേഖലകളായി തിരിച്ചതിനു പിന്നാലെയാണ് വടക്കന്‍ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങുന്നത്. പ്രതിദിന വരുമാനം ഒമ്പതു കോടിയാക്കുകയാണ് ലക്ഷ്യം.

നിലവില്‍ പ്രതിദിന ശരാശരി വരുമാനം 7 കോടിയാണ്. അത് 8 കോടിയിലെത്തുന്നതോടെ നഷ്ടം മറികടക്കാം. 9 കോടിയിലെത്തുന്നതോടെ ലാഭത്തിലാവും. വായ്പകളെടുക്കാതെ ലാഭം ഉയര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് വേണ്ടി വ്യക്തമായ പദ്ധതികള്‍ തയ്യാറായി കഴിഞ്ഞു. തിരക്കുകള്‍ ഉള്ള റൂട്ടിലെല്ലാം പരമാവധി ബസുകള്‍ എത്തിക്കാനാണ് നീക്കം. നിലവില്‍ ദക്ഷിണ കേരളത്തില്‍ മാത്രമാണ് കെഎസ്ആര്‍ടിസി സജീവമായി സര്‍വീസ് നടത്തുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന തരത്തില്‍ ഇത് മാറ്റാനാണ് നീക്കം. സ്വകാര്യബസുകളുടെ കുത്തകയാണ് മലബാര്‍ മേഖല. ഈ അവസരത്തില്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ആധിപത്യം സ്ഥാപിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിച്ച് മുഴുവന്‍ സമയവും സര്‍വ്വീസ് നടത്തും. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി റൂട്ടില്‍ 33 ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും ഇതിനായി ഉപയോഗിക്കും.

മലബാറില്‍ മുമ്പ് 945 ബസുകളായിരുന്നു ഉണ്ടായിരുന്നത്. പുനര്‍വിന്യാസത്തിലൂടെ 1915 ബസുകളാക്കി ഉയര്‍ത്തി. മലബാര്‍ മേഖലയിലെ കൂടുതല്‍ കളക്ഷന്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കിയായിരുന്നു ഈ പുനര്‍വിന്യാസം. 

കൂത്താട്ടുകുളത്തും വൈക്കത്തും അധികമുള്ള ബസുകള്‍ പിന്‍വലിച്ച് മറ്റുമേഖലയിലേക്ക് നല്‍കും. പുതിയ ബസുകള്‍ വാങ്ങാതെ നില്‍ക്കാന്‍ ഈ പദ്ധതി സഹായിക്കും.ദക്ഷിണ മേഖലയില്‍ ബസ് സര്‍വീസുകള്‍ പുനഃക്രമീകരിച്ചപ്പോള്‍ അധികം വന്ന ബസുകള്‍ മറ്റ് രണ്ട് മേഖലകള്‍ക്കുമായി നല്‍കിയിട്ടുണ്ട്. ഇതും കേരളത്തിലുടനീളം സര്‍വ്വീസുകള്‍ വ്യാപിപ്പിക്കാന്‍ സഹായിക്കും. കര്‍ണാടകയില്‍ പരീക്ഷിച്ച് വിജയിച്ച മേഖലാ വിഭജനം ഏറെ നാള്‍ മടിച്ചു നിന്നതിനു ശേഷമാണ് കേരളം പരീക്ഷിക്കുന്നത്.

എല്ലാ കെഎസ്ആര്‍ടിസി ബസുകളെയും ജിപിഎസിനു കീഴില്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ടിക്കറ്റ് മെഷീനില്‍ ക്യുആര്‍ കോഡ് സംവിധാനം കൊണ്ടുവരാനും നീക്കമുണ്ട്. ഓണക്കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ക്ക് കേരളത്തിലെത്താന്‍ മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ എസി, മള്‍ട്ടി ആക്‌സില്‍ വോള്‍വോ എസി ബസ്സുകള്‍ കൂടാതെ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളും ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെയൊക്കെ വരുമാനം വര്‍ധിപ്പിക്കാനാവുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com