തൊഴില്‍രഹിതരായിരിക്കുന്നതിനേക്കാള്‍ നല്ലത് പകോഡ വില്‍ക്കുന്നതു തന്നെയാണ്: അമിത് ഷാ

ചായവില്‍പ്പനക്കാരന്റെ മകന്‍ പ്രധാനമന്ത്രിയായ രാജ്യമാണിത്
തൊഴില്‍രഹിതരായിരിക്കുന്നതിനേക്കാള്‍ നല്ലത് പകോഡ വില്‍ക്കുന്നതു തന്നെയാണ്: അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പകോഡാ പരാമര്‍ശത്തെ കളിയാക്കുന്നവരെ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ അമിഷ് ഷായുടെ ആദ്യ പാര്‍ലമെന്റ് പ്രസംഗം. ഒരു ചായവില്‍പ്പനക്കാരന്റെ മകന്‍ പ്രധാനമന്ത്രിയായ രാജ്യമാണിണിതെന്ന് അമിത് ഷാ പറഞ്ഞു.

പാവപ്പെട്ടവര്‍ പകോഡ വില്‍ക്കണോയെന്നാണ് ചിദംബരം ചോദിക്കുന്നത്. തൊഴില്‍രഹിതായിരിക്കുന്നവരേക്കാള്‍ നല്ലത് പകോഡ വില്‍ക്കുന്നതു തന്നെയാണ്. ഇന്ന് അവര്‍ പകോഡ വില്‍ക്കും, നാളെ അവരുടെ അടുത്ത തലമുറ വലിയ വ്യവസായികളാവും. എന്തൊക്കെയായാലും ഒരു ചായവില്‍പ്പനക്കാരന്റെ മകന്‍ പ്രധാനമന്ത്രിയായ രാജ്യമാണിത്- അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബാങ്കുകളെ ദേശസാത്കരിച്ചു, അതൊരു നല്ല കാര്യമായിരുന്നു. ബാങ്കുകളുടെ വാതില്‍ പാവപ്പെട്ടവര്‍ക്കു മുന്നില്‍ തുറക്കും എന്നായിരുന്നു ഇന്ദിരയുടെ അവകാശവാദം. എന്നാല്‍ അതു സംഭവിച്ചില്ല. ഇപ്പോള്‍ മുദ്ര വായ്പയിലൂടെ പാവപ്പെട്ടവര്‍ക്കു മൂലധനം ലഭിക്കുന്നു. 

ബിജെപി അധികാരത്തില്‍ വരുന്നതിനു മുമ്പ് രാജ്യത്തിന്റെ അവസ്ഥ എന്താണെന്ന് ഓര്‍ക്കണമെന്ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞു. സമ്പൂര്‍ണമായ നയമരവിപ്പായിരുന്നു രാജ്യത്ത്. സൈന്യത്തിന് കൈവശമുള്ള ആയുധം പ്രദര്‍ശിപ്പിക്കാന്‍ പോലുമാവുന്നുണ്ടായിരുന്നില്ല. മൂന്നര വര്‍ഷം കൊണ്ട് ഇതെല്ലാം മാറി. സഭാ നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഇത് പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും പിന്നാക്കക്കാരുടെയും സര്‍ക്കാരായിരിക്കും എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഗാന്ധിയുടെയും ദീന്‍ദയാലിന്റെയും സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന സര്‍ക്കാരായിരിക്കും ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ത്യോദയത്തിലേക്കുള്ള ആ പാതയില്‍ മൂന്നര വര്‍ഷം കൊണ്ട് രാജ്യം ഏറെ നടന്നുകഴിഞ്ഞിരിക്കുന്നു- അമിത് ഷാ പറഞ്ഞു.

ചരിത്രം വിജയകഥകളായി വിലയിരുത്തുന്ന ഒരുപിടി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകഴിഞ്ഞു. ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങിയതാണ് അതില്‍ ആദ്യത്തേത്. അന്‍പത്തിയഞ്ചു വര്‍ഷം രാജ്യത്ത് ഒരു പാര്‍ട്ടിയുടെ കുടുംബ ഭരണമായിരുന്നു. എന്നിട്ടും അറുപതു ശതമാനം ഇന്ത്യക്കാര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല. 31 കോടി ബാങ്ക് അക്കൗണ്ടുകളാണ് ബിജെപി സര്‍ക്കാര്‍ തുറന്നത്. അവയില്‍ 77 ശതമാനവും സീറോ ബാലന്‍സ് അക്കൗണ്ടകളായിരുന്നു. ഇപ്പോള്‍ ഇരുപതു ശതമാനത്തില്‍ താഴെ മാത്രമാണ് സീറോ ബാലന്‍സ്. 

1965ല്‍ പാകിസ്ഥാന്‍ യുദ്ധസമയത്ത് ഒരു ദിവസം ഉപവാസം അനുഷ്ഠിക്കാന്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രി രാജ്യത്തോടു പറഞ്ഞു. രാജ്യം അത് ശ്രദ്ധിച്ചു. അതിനു പിന്നീട് ഇങ്ങോട്ട് ഒരു തവണയാണ് രാജ്യം ഒരു പ്രധാനമന്ത്രിയെ ശ്രദ്ധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥനപ്രകാരം 1.3 കോടി ജനങ്ങള്‍ പാചക വാതക സബ്‌സിഡി വേണ്ടെന്നുവച്ചു. ഉജ്വല യോജനയ്ക്കായി ആ പണം ഉപയോഗിക്കുകയാണ് സര്‍ക്കാര്‍. 3.3 കോടി പേര്‍ക്കാണ് പദ്ധതി പ്രകാരം പാചക വാതക സിലിണ്ടര്‍ നല്‍കിയത്.

ല്യൂട്ടന്‍സ് ഡല്‍ഹിയില്‍ ജീവിക്കുന്നവര്‍ക്ക് ടൊയ്‌ലറ്റിന്റെ പ്രാധാന്യം അറിയണമെന്നില്ല. പാവപ്പെട്ടവര്‍ക്കായി ടൊയ്‌ലറ്റുകള്‍ നിര്‍മിച്ചുനല്‍കുകയാണ് സ്വച്ഛ് ഭാരത് മിഷന്‍- അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com