അഹിന്ദുക്കളോട് കൂട്ടുവേണ്ട; പെണ്‍കുട്ടികള്‍ക്ക് സംഘപരിവാര്‍ ഭീഷണി  

ലൗ ജിഹാദ് ആരോപിച്ച് സംഘപരിവാര്‍ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ വീണ്ടും ശക്തമായ ഭീഷണിയുമായി ബജ്രംഗ് ദള്‍
അഹിന്ദുക്കളോട് കൂട്ടുവേണ്ട; പെണ്‍കുട്ടികള്‍ക്ക് സംഘപരിവാര്‍ ഭീഷണി  

ബെംഗളൂരു: ലൗ ജിഹാദ് ആരോപിച്ച് സംഘപരിവാര്‍ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ വീണ്ടും ശക്തമായ ഭീഷണിയുമായി ബജ്രംഗ് ദള്‍. അഹിന്ദുക്കള്‍ക്കൊപ്പം കറങ്ങുന്ന പെണ്‍കുട്ടികള്‍ വലിയ വില നല്‍കേണ്ടിവരുമെന്നാണ് വാട്‌സ്ആപ് വഴി ബജ്രംഗ് ദള്‍  ഭീഷണി മെസ്സേജുകള്‍ പ്രചരിപ്പിക്കുന്നത്. 

മെസ്സേജിനെ ഗൗരവമായിട്ട് കാണുന്നുവെന്നും നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഭീഷണി മെസ്സേജ് ബജ്രംഗ് ദള്‍ നേതാക്കള്‍ തള്ളിക്കളഞ്ഞു. ബജ്രംഗ് ദള്‍ മുഡിഗരെ യൂണിറ്റിന്റെ പേരിലാണ് മെസ്സേജ് പ്രചരിക്കുന്നത്. 

ഡിഎസ് ബിലിഗൗഡ് സര്‍ക്കാര്‍ ഫസ്റ്റ് ക്ലാസ് കൊളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ധന്യശ്രീയാണ്(20) സമ്മര്‍ദ്ദം താങ്ങാനാവാതെ മൂന്നു ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവമോര്‍ച്ചാ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ചിക്മാംഗഌര്‍ മുഡിഗരെ ചത്രമൈതാന എക്സ്റ്റന്‍ഷനടുത്ത് ടിവി റിപ്പയര്‍ തൊഴിലാളിയായ യാദവിന്റെ മകളാണ് മരിച്ച ധന്യശ്രീ. കുടംബസുഹൃത്തും അയല്‍ക്കാരനുമായ മുസ്ലീം യുവാവുമായുള്ള ധന്യയുടെ സൗഹൃദമാണ് സംഘപരിവാരുകാരെ പ്രകോപിപ്പിച്ചത്. ഈ സൗഹൃദം അവസാനിപ്പിക്കണമെന്ന് ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ സന്തോഷ് വാട്ട്‌സ്ആപ്പിലൂടെ ധന്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പെണ്‍കുട്ടി തയാറായില്ല. മുസ്ലീം സമുദായത്തില്‍പെട്ടവര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരെല്ലെന്നും എല്ലാവരും ഇന്ത്യക്കാരാണെന്ന് കരുതണമെന്നും ധന്യ പറഞ്ഞു.

ഇത് കേട്ട് പ്രകോപിതനായ സന്തോഷ് ധന്യയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ധന്യയുടെ ഫോട്ടോയും ചേര്‍ത്ത് സംഘപരിവാര്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. യുവതിയും മുസ്ലീം യുവാവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലായിരുന്നു ഇവരുടെ പ്രചരണം. യുവതിയെ ലൗ ജിഹാദില്‍ നിന്ന് പിന്തിരിപ്പിക്കണം എന്ന് പറഞ്ഞ് സംഘപരിവാര്‍ നേതാക്കള്‍ ധന്യയുടെ വീട്ടിലെത്തി. എന്നാല്‍ മറ്റു മതക്കാരുമായുള്ള സൗഹൃദത്തില്‍ തെറ്റില്ലെന്ന് ധന്യയുടെ മാതാപിതാക്കള്‍ നിലപാടെടുത്തതോടെ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ധന്യക്കെതിരേ വലിയ രീതിയിലുള്ള അപവാദ പ്രചരണമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്. ഇതില്‍ മാനസികമായി തകര്‍ന്ന ധന്യ ശനിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. യുവമോര്‍ച്ച നേതാവ് അനിലിനെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com