മാധ്യമപ്രവര്‍ത്തകനെ ഗുണ്ടയായി ചിത്രീകരിച്ചു; അര്‍ണാബ് ഗോസ്വാമി പരസ്യമായി മാപ്പ് പറയണമെന്ന് എബിപി ന്യൂസ്‌ 

അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനലിനെതിരെ മുന്‍നിര ഹിന്ദി വാര്‍ത്താ ചാനലായ എബിപി ന്യൂസ്
മാധ്യമപ്രവര്‍ത്തകനെ ഗുണ്ടയായി ചിത്രീകരിച്ചു; അര്‍ണാബ് ഗോസ്വാമി പരസ്യമായി മാപ്പ് പറയണമെന്ന് എബിപി ന്യൂസ്‌ 


ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനലിനെതിരെ മുന്‍നിര ഹിന്ദി വാര്‍ത്താ ചാനലായ എബിപി ന്യൂസ്. തങ്ങളുടെ റിപ്പോര്‍ട്ടറെ റിപബ്ലിക് ചാനല്‍ ഗുണ്ടയായി ചിത്രീകരിച്ചുവെന്നും അര്‍ണാബ് ഗോസ്വാമി പരസ്യമായി മാപ്പ് പറയണമെന്നും ചാനല്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി ചര്‍ച്ച പരിപാടിക്കിടെ തങ്ങളുടെ പ്രസിദ്ധനായ റിപ്പോര്‍ട്ടറെ ചുവന്ന വൃത്തത്തിനുള്ളില്‍ പതിപ്പിച്ച് ഗുണ്ടായായി ചിത്രീകരിച്ചുവെന്നാണ് എബിപി ന്യൂസ് പറയുന്നത്. 

ന്യൂഡല്‍ഹിയില്‍ ജിഗ്നേഷ് മേവാനി എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന യുവ് ഹുങ്കാര്‍ റാലിക്കിടയില്‍ തങ്ങളുടെ റിപ്പോര്‍ട്ടര്‍ക്ക് നേരെ കയ്യേറ്റ ശ്രമം നടന്നു എന്ന തരത്തിലായിരുന്നു റിപബ്ലിക്കിന്റെ ചര്‍ച്ച. റിപ്പേര്‍ട്ടറെ കയ്യേറ്റം ചെയ്യുന്ന ഗുണ്ടകളുടെ ദൃശ്യങ്ങള്‍ എന്ന് എഴുതികാണിച്ച ശേഷം സംപ്രേക്ഷണം ചെയ്തത് എബിപി ന്യൂസ് റിപ്പോര്‍ട്ടര്‍ ജൈനേന്ദ്ര കുമാറിന്റെ ദൃശ്യങ്ങളാണ്. ഇതിനെതിരെയാണ് എബിപി ന്യൂസ് രംഗത്ത് വന്നിരിക്കുന്നത്. അര്‍ണാബ് ഗോസ്വാമി ഓണ്‍ എയറിലൂടെ പരസ്യമായി മാപ്പ് പറയണം എന്നാണ് ചാനലിന്റെ ആവശ്യം. പ്രമുഖ കോളമിസ്റ്റായ പ്രതിഷ്ത സിങിന്റെ ഭര്‍ത്താവിനെയും ചാനല്‍ ഗുണ്ടയാക്കി ചിത്രീകരിച്ചിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി റിപബ്‌ളിക് ടിവി എന്ന വാര്‍ത്താ ചാനല്‍ ഒരു നിരപരാധിയെ ഗുണ്ടയായി ചിത്രീകരിച്ചു. ഇന്ത്യയിലെ തന്നെ മികച്ച ടിവി റിപ്പോര്‍ട്ടറായ ജൈനേന്ദ്ര കുമാറിനെ ചുവന്ന വൃത്തത്തിലാക്കി ഗുണ്ടയാക്കി. എന്തു തരം മാനസിക പ്രശ്‌നങ്ങളുള്ളവരാണ് ചാനലിനെ നയിക്കുന്നത് എന്ന് എബിപി ന്യൂസിന്റെ അഭിസര്‍ ശര്‍മ ചോദിച്ചു. 

സംഭവത്തില്‍ ഓണ്‍ എയറിലൂടെ അര്‍ണാബ് മാപ്പ് പറഞ്ഞില്ലെങ്കില്‍ റിപബ്ലിക് ടിവിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും എബിപി ന്യൂസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com