പ്രധാനമന്ത്രിയുടെ ഓഫീസിന് അലഹാബാദ് ഹൈക്കോടതി പിഴ ചുമത്തി

5000 രൂപ പിഴ അടക്കാനാണ് ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് അബ്ദുള്‍ മോയിന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 
പ്രധാനമന്ത്രിയുടെ ഓഫീസിന് അലഹാബാദ് ഹൈക്കോടതി പിഴ ചുമത്തി

ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് പിഴ ശിക്ഷ വിധിച്ചു. പൊതുതാല്‍പ്പര്യഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനാണ് പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്ര നിയമമന്ത്രാലയത്തിനും കോടതി പിഴ വിധിച്ചത്. 5000 രൂപ പിഴ അടക്കാനാണ് ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് അബ്ദുള്‍ മോയിന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുനില്‍ കണ്ഡു എന്നയാളാണ് ഹര്‍ജിക്കാരന്‍. സിഎജി പ്രതിവര്‍ഷം 5000 ഓളം റിപ്പോര്‍ട്ടുകളാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. എന്നാല്‍ ഇതില്‍ 10 ഓളം എണ്ണം മാത്രമേ സര്‍ക്കാര്‍ പരിഗണിക്കുന്നുള്ളൂവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. സിഎജി സമ്പ്രദായം പരിഷ്‌കരിക്കണം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഓഡിറ്റുമായി ബന്ധപ്പെട്ട് സിഎജിയുടെ എതിര്‍പ്പുകളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. 

ഹര്‍ജി പരിഗണിച്ച കോടതി 2017 ആഗസ്റ്റ് ഒന്നിന് എതിര്‍കക്ഷികളോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നില്ല. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്ബി പാണ്ഡെ ആവശ്യപ്പെട്ടു.

കോടതി നിര്‍ദേശം അനുസരിക്കാതിരുന്നത് കോടതിയോടുള്ള അനാദരവാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസുമാര്‍, പ്രധാനമന്ത്രിയുടെ ഓഫീസ് 5000 രൂപ പിഴ അടക്കണമെന്ന് ഉത്തരവിടുകയായിരുന്നു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരിക്കല്‍ കൂടി സമയം അനുവദിക്കുകയാണെന്നും വ്യക്തമാക്കി. കേസ് മൂന്ന് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com