സീതാറാം യെച്ചൂരി പരാജയപ്പെട്ട പാര്‍ട്ടി സെക്രട്ടറിയാകുമോ?  അതോ സുന്ദരയ്യയുടെ വഴി തേടുമോ

കോണ്‍ഗ്രസുമായുള്ള സഖ്യം വേണമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാട് എന്നതിനെക്കാള്‍ കാരാട്ട് - യെച്ചൂരി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമായാണ് വിലയിരുത്തലുകള്‍
സീതാറാം യെച്ചൂരി പരാജയപ്പെട്ട പാര്‍ട്ടി സെക്രട്ടറിയാകുമോ?  അതോ സുന്ദരയ്യയുടെ വഴി തേടുമോ

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ കേന്ദ്രകമ്മറ്റി തള്ളിയതിന് പിന്നാലെ യെച്ചൂരി സെക്രട്ടറി സ്ഥാനത്തു തുടരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രേഖ തള്ളിയാല്‍ സെക്രട്ടറി സ്ഥാനത്ത് തുടരില്ലെന്ന് ശനിയാഴ്ച രാത്രി ചേര്‍ന്ന പ്രത്യേക പിബി യോഗത്തില്‍ യെച്ചൂരി വ്യക്തമാക്കിയിരുന്നു. 

കോണ്‍ഗ്രസുമായുള്ള സഖ്യം വേണമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാട് എന്നതിനെക്കാള്‍ കാരാട്ട് - യെച്ചൂരി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമായാണ് വിലയിരുത്തലുകള്‍. പാര്‍ട്ടി സെക്രട്ടറി അവതരിപ്പിച്ച രേഖയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സെക്രട്ടറി എന്ന നിലയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതും യച്ചൂരിയെ രാഷ്ട്രീയ നിലപാടിനുള്ള വെല്ലുവിളിയാകും. ഈ സാഹചര്യത്തില്‍ യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി പങ്കെടുക്കുമോ എന്നതും ശ്രദ്ധേയമാണ്.

നേരത്തെ പി സുന്ദരയ്യ സിപിഎം ജനറല്‍ സെക്രട്ടറിയായ സാഹചര്യത്തില്‍ ജനസംഘവുമായുള്ള ബന്ധത്തില്‍ സുന്ദരയ്യ അവതരിപ്പിച്ച മാര്‍ഗരേഖ തള്ളിയ സാഹചര്യത്തില്‍ സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെക്കുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. 1975ല്‍ കോണ്‍ഗ്രസാണ് പ്രധാന എതിരാളികളെന്നും മറ്റുള്ളവരുമായി ബന്ധം തുടരാമെന്നുമായിരുന്ന രേഖയ്ക്കാണ് അംഗീകാരം ലഭിച്ചത്. ജനസംഘവുമായി സഖ്യം പാടില്ലെന്നായിരുന്നു പി സുന്ദരയ്യ മുന്നോട്ടുവെച്ചത്. എന്നാല്‍ സുന്ദരയ്യയുടെ രേഖയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു രാജി. ഇതേ പ്രതിസന്ധി തന്നെയാണ് സുന്ദരയ്യയുടെ നാട്ടുകാരനായ യച്ചൂരിക്കും വന്നിട്ടുള്ളത്. വീണ്ടും സെക്രട്ടറി സ്ഥാനത്തു തുടരുകയെന്നാല്‍ യെച്ചരിയെ പരാജയപ്പെട്ട പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്നാവും കാലം രേഖപ്പെടുത്തുക

രാജ്യത്ത് വര്‍ഗീയതയിലൂടെ ബിജെപി അധികാര സോപാനങ്ങള്‍ ഒന്നൊന്നായി കാല്‍ക്കീഴിലാക്കുമ്പോഴും ഇതിനെതിരെ വിശാല ഐക്യം കെട്ടിപ്പടുക്കേണ്ട സിപിഎം ചെയ്യുന്നത് രാഷ്ട്രീയപരമായ ഒളിച്ചോട്ടമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ആറ് ഇടതുപാര്‍ട്ടികള്‍ യോജിച്ചതുകൊണ്ട് മാത്രം മോദിയുടെ ഭരണത്തെ ചെറുക്കാനാകില്ല. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയെന്നതാണ് ബിജെപിയെ തടയാനുള്ള വഴിയെന്നുമാണ് ഇവര്‍ പറയുന്നത്. 

സിപിഎം അധികാരത്തിലിരിക്കുന്ന ത്രിപുരയില്‍ പോലും അധികാരം നിലനിര്‍ത്തുകയെന്നത് ഏറെ പ്രയാസകരമാണെന്നും കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന കാരാട്ടിന്റെയും അനുയായികളുടെയും നീക്കം സിപിഎമ്മിന്റെ നിലനില്‍പ്പിനെയും അസ്ഥിത്വത്തെയും ഏറെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. 

സഖ്യം രൂപീകരണം കേവലം തെരഞ്ഞെടുപ്പിനോ സര്‍ക്കാര്‍ രൂപീകരണത്തിനോ വേണ്ടിയുള്ളതാവരുത്. ഓരോ സംസ്ഥാനത്തും ഇടതുജനാധിപത്യ ഐക്യം കെട്ടിപ്പടുക്കേണ്ടത് വ്യത്യസ്ത രീതിയിലാണ്. എന്നാല്‍ അഖിലേന്ത്യ തലത്തില്‍ ഇടതുജനാധിപത്യമുന്നണി പടുത്തുയര്‍ത്താന്‍ സംസ്ഥാനങ്ങളിലെ വ്യത്യസ്ത സഖ്യങ്ങള്‍ അതിന്റേതായ സംഭാവന നല്‍കും. പാര്‍ടി കൈക്കൊള്ളുന്ന അടവുനയങ്ങള്‍ കേന്ദ്രീകരിക്കേണ്ടത് രാജ്യത്ത് ഇടതുജനാധിപത്യ മുന്നണി യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തിലാണ്.ഇന്ത്യ ഇന്ന് നേരിടുന്ന നിര്‍ണായക സാഹചര്യത്തില്‍ സിപിഐ എമ്മിനെ അഖിലേന്ത്യാശക്തിയായി കെട്ടിപ്പടുക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും അടിയന്തരപ്രധാന്യമുള്ള ആവശ്യമാണെന്നായിരുന്നു 21ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം

അധ്വാനിക്കുന്ന ജനതയില്‍ എല്ലാ വിഭാഗങ്ങളുടെയും പോരാട്ടങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ചടുലവും സുശക്തവുമായ പ്രസ്ഥാനമായി പാര്‍ടിയെ മാറ്റണം. പാര്‍ടിയുടെ മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര അടിത്തറ ശക്തിപ്പെടുത്തണം. ഭാവി കടമകള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ പാര്‍ടിസംഘടനയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം.നവഉദാര പദ്ധതിയുടെ ഭാഗമായി മോഡിസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തികനയങ്ങളെ കരുത്തോടെ ചെറുക്കണം. ബിജെപിആര്‍എസ്എസ് കൂട്ടുകെട്ടിന്റെ ഹിന്ദുത്വ അജണ്ടയെ രാഷ്ട്രീയമായി പാര്‍ടിയും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, പ്രത്യയശാസ്ത്ര മണ്ഡലങ്ങളില്‍ ബഹുജനസംഘടനകളും നേരിടണം. സാമൂഹികമായ അടിച്ചമര്‍ത്തല്‍ നേരിടുന്ന വിഭാഗങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി ഊര്‍ജ്ജിതമാക്കണം.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ ചെറുക്കാനുള്ള പോരാട്ടങ്ങളിലും പാര്‍ടി നേരിട്ട് ഇടപെടണം.വലതുപക്ഷ വ്യതിയാനത്തിന്റെ ഫലമായി രാജ്യം ഏകാധിപത്യഭീഷണി നേരിടുന്ന ഘട്ടത്തില്‍ ജനാധിപത്യ അവകാശങ്ങളും കലാസ്വാതന്ത്ര്യവും സംരക്ഷിക്കാനും പാര്‍ലമെന്ററി ജനാധിപത്യത്തിനുനേരെ ഉയരുന്ന ഭീഷണികള്‍ ചെറുക്കാനും വിശാലമായ മുന്നേറ്റം കെട്ടിപ്പടുക്കണം. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ആരുമായും കൈകോര്‍ക്കും. എന്നാല്‍ ഇതിനെ രാഷ്ട്രീയസഖ്യമായി വ്യാഖ്യാനിക്കരുതെന്നുമായിരുന്നു അന്ന് കാരാട്ട് പറഞ്ഞത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com