ബീഹാറില്‍ ബിജെപി സഖ്യം പൊട്ടിത്തെറിയിലേക്ക്; സഖ്യകക്ഷി വേണ്ടായെങ്കില്‍ ബിജെപിക്ക് മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കാം: ജെഡിയു 

ബീഹാറില്‍ ബിജെപിക്ക് സഖ്യകക്ഷി വേണ്ടായെന്ന നിലപാടാണെങ്കില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 40 സീറ്റുകളിലും തനിച്ച് മത്സരിക്കാനുളള സ്വാതന്ത്ര്യമുണ്ടെന്ന് ജെഡിയു നേതാവ് സഞ്ജയ് സിങ്
ബീഹാറില്‍ ബിജെപി സഖ്യം പൊട്ടിത്തെറിയിലേക്ക്; സഖ്യകക്ഷി വേണ്ടായെങ്കില്‍ ബിജെപിക്ക് മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കാം: ജെഡിയു 

പട്‌ന: അന്താരാഷ്ട യോഗദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ നിന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ടുനിന്നതിന് പിന്നാലെ ബിജെപിയുമായുളള ഭിന്നത രൂക്ഷമാണെന്ന് അടിവരയിടുന്ന കൂടുതല്‍ പ്രതികരണവുമായി ജെഡിയു നേതാവ് രംഗത്ത്. ബീഹാറില്‍ ബിജെപിക്ക് സഖ്യകക്ഷി വേണ്ടായെന്ന നിലപാടാണെങ്കില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 40 സീറ്റുകളിലും തനിച്ച് മത്സരിക്കാനുളള സ്വാതന്ത്ര്യമുണ്ടെന്ന് ജെഡിയു നേതാവ് സഞ്ജയ് സിങ് വ്യക്തമാക്കി. 

2014ല്‍ നിന്നും ഏറെ വ്യത്യസ്തമാണ് 2019ലെ കാര്യങ്ങള്‍. നിതീഷ് കുമാര്‍ ഇല്ലാതെ സംസ്ഥാനത്ത് വിജയിക്കാന്‍ കഴിയില്ലെന്ന് ബിജെപിക്ക് അറിയാം. എങ്കിലും സഖ്യകക്ഷി വേണ്ടായെന്ന നിലപാടാണ് ബിജെപി പുലര്‍ത്തുന്നതെങ്കില്‍ അവര്‍ക്ക് മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നതിനുളള പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് സഞ്ജയ് സിങ് പറഞ്ഞു. 

തലക്കെട്ടുകളില്‍ പേരുവരണമെന്ന് ആഗ്രഹിക്കുന്ന സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര യോഗദിനത്തിനോടനുബന്ധിച്ച് രാജ്യത്ത് വിപുമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരമുളള പരിപാടിയില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടുനിന്നത് വലിയ വാര്‍ത്തയായിരുന്നു. ഇരുപാര്‍ട്ടികളും തമ്മിലുളള അഭിപ്രായഭിന്നത രൂക്ഷമായി എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ജെഡിയു- ബിജെപി സഖ്യത്തില്‍ വിളളല്‍ വീണു എന്ന് സ്ഥാപിക്കുന്ന പ്രസ്താവനയുമായി ജെഡിയു നേതാവ് രംഗത്തുവന്നത്. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെഡിയു പാടേ തകരുന്ന കാഴ്ചയാണ് കണ്ടത്. മോദി തരംഗത്തില്‍ ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് 32 സീറ്റുകളാണ് നേടിയത്. എന്നാല്‍ നിലവില്‍ അടിത്തട്ടിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ജെഡിയു വാദിക്കുന്നു. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയേക്കാള്‍ ഭേദപ്പെട്ട പ്രകടനമാണ് ജെഡിയു കാഴ്ചവെച്ചത്. അതിനാല്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ സീനിയര്‍ പാര്‍ട്ട്ണറായി ബിജെപി കാണണമെന്ന് ജെഡിയു ആവശ്യപ്പെടുന്നു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റുവീതം വെയ്ക്കലിലും ഈ പരിഗണന നല്‍കണമെന്നാണ് ജെഡിയുവിന്റെ ഡിമാന്‍ഡ്. ഇതുമായി ബന്ധപ്പെട്ട് ജെഡിയുവും ബിജെപിയും തമ്മില്‍ തര്‍ക്കം മുറുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com