'ഊരിപ്പോകുന്ന പാന്റ്‌സ് പിടിക്കാന്‍ അറിയാത്ത ആണ്‍കുട്ടികള്‍ എങ്ങനെയാണ് സഹോദരിമാരെ സംരക്ഷിക്കുക?'; രാജസ്ഥാന്‍ വനിത കമ്മീഷന്‍ മേധാവി

സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകള്‍ കെട്ടഴിഞ്ഞ് നടക്കുന്നത് കുടുംബത്തിനും സമൂഹത്തിനും അസമത്വമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു
'ഊരിപ്പോകുന്ന പാന്റ്‌സ് പിടിക്കാന്‍ അറിയാത്ത ആണ്‍കുട്ടികള്‍ എങ്ങനെയാണ് സഹോദരിമാരെ സംരക്ഷിക്കുക?'; രാജസ്ഥാന്‍ വനിത കമ്മീഷന്‍ മേധാവി

ലോ വേയ്‌സ്റ്റ് ധരിച്ചു നടക്കുന്ന ആണ്‍കുട്ടികള്‍ എങ്ങനെയാണ് സഹോദരികളെ സംരക്ഷിക്കാന്‍ പോകുന്നതെന്ന് രാജസ്ഥാന്‍ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മ. അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് സുമന്‍ ആണ്‍കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത്.

പണ്ടെല്ലാം എല്ലാ പെണ്‍കുട്ടികളും ആഗ്രഹിച്ചിരുന്നത് വിരിഞ്ഞമാറും നെഞ്ചു നിറയെ കട്ടി രോമങ്ങളുമുള്ള പുരുഷന്മാരെയാണ്. എന്നാല്‍ ഇപ്പോള്‍ വിരിഞ്ഞ മാറുള്ള പുരുഷന്മാരെ കാണാനില്ല. അയഞ്ഞു തുങ്ങിക്കിടക്കുന്ന പാന്റ്‌സ് ധരിച്ച് നടക്കുന്നവരാണ്. സ്വന്തം ജീന്‍സിനെ ശരിയായി കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ എങ്ങനെയാണ് സഹോദരിമാരെ സംരക്ഷിക്കുക? ബിജെപിയുടെ സംസ്ഥാന വനിത സംഘടനയുടെ മുന്‍ മേധാവിയായിരുന്ന സുമന്‍ ചോദിച്ചു. 

സീറോ ഫിഗര്‍ എന്ന ചിന്ത സ്ത്രീകള്‍ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. എന്താണ് ആണ്‍കുട്ടികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സുമന്‍ ചോദിച്ചു. കമ്മലുകളെല്ലാം ധരിച്ച് പെണ്‍കുട്ടികളെ പോലെയാണ് അവര്‍ ജീവിക്കുന്നത്. ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ലെന്നും എന്നാല്‍ ഇത് മാറ്റണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിരിഞ്ഞ മാറുള്ളവരാക്കി ആണ്‍കുട്ടികളെ മാറ്റേണ്ടത് നമ്മുടെ കടമയാണെന്നും സുമന്‍ വ്യക്തമാക്കി. 

സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകള്‍ കെട്ടഴിഞ്ഞ് നടക്കുന്നത് കുടുംബത്തിനും സമൂഹത്തിനും അസമത്വമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. ആണുങ്ങളെ ഉപേക്ഷിച്ച് അധിക ദൂരം മുന്നോട്ടുപോകാന്‍ സ്ത്രീകള്‍ക്കാവില്ല. കുട്ടികളെ നല്ലവരാക്കി വളര്‍ത്തി സമൂഹത്തില്‍ സമത്വം കൊണ്ടുവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com