'അവര്‍ രാത്രിയില്‍ ഉറങ്ങാതെ നടന്നു, ഇനി നമ്മുടെ കുട്ടികള്‍ക്കു തടസമില്ലാതെ പരീക്ഷയെഴുതാം' കിസാന്‍ ലോങ് മാര്‍ച്ച് ചിത്രങ്ങള്‍

'അവര്‍ രാത്രിയില്‍ ഉറങ്ങാതെ നടന്നു, ഇനി നമ്മുടെ കുട്ടികള്‍ക്കു തടസമില്ലാതെ പരീക്ഷയെഴുതാം' കിസാന്‍ ലോങ് മാര്‍ച്ച് ചിത്രങ്ങള്‍
കിസാന്‍ മാര്‍ച്ച് ജെജെ ഫ്‌ളൈ ഓവറിലൂടെ കടന്നുപോവുന്നു, പുലര്‍ച്ചെ അഞ്ചു മണിക്കെടുത്ത ചിത്രം കടപ്പാട്: കിസാന്‍ സഭ (ട്വിറ്റര്‍)
കിസാന്‍ മാര്‍ച്ച് ജെജെ ഫ്‌ളൈ ഓവറിലൂടെ കടന്നുപോവുന്നു, പുലര്‍ച്ചെ അഞ്ചു മണിക്കെടുത്ത ചിത്രം കടപ്പാട്: കിസാന്‍ സഭ (ട്വിറ്റര്‍)

മുംബൈ: രാജ്യത്തിന്റെ സമര ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുകയാണ് മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം. വിദൂര ഗ്രാമങ്ങളില്‍നിന്ന് നഗരത്തിലേക്ക് എത്തിയ പാവപ്പെട്ട കര്‍ഷകര്‍ക്കു നഗരവാസികള്‍ നല്‍കിയ പൂര്‍വമാതൃകകളില്ലാത്ത പിന്തുണ ഇതിനകം തന്നെ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ നഗരത്തിലെ കുട്ടികളുടെ പരീക്ഷ തടസ്സപ്പെടാതിരിക്കാന്‍ ആസാദ് മൈതാനത്തേക്കുള്ള മാര്‍ച്ച് രാത്രിയില്‍ തന്നെയാക്കിയ കര്‍ഷകരുടെ തീരുമാനത്തെ കൈയടിച്ചു പിന്തുണയ്ക്കുകയാണ് മഹാനഗരം. അവര്‍ രാത്രിയില്‍ ഉറങ്ങാതെ നടന്നു, ഇനി നമ്മുടെ കുട്ടികള്‍ക്കു പരീക്ഷയെഴുതാം എന്നിങ്ങനെയാണ് മാര്‍ച്ച് രാത്രിയിലേക്കു മാറ്റിയ നടപടിക്കു സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന പ്രതികരണം.

സാധാരണ സമരങ്ങളോടു മുഖം തിരിഞ്ഞുനില്‍ക്കുന്ന നഗരം കര്‍ഷകരുടെ മാര്‍ച്ചിനെ മറ്റൊരൂ മനസോടെയാണ് സ്വീകരിച്ചത്. പൊരിവെയിലില്‍ നടന്നു തളര്‍ന്ന അവര്‍ക്ക് കുടിവെള്ളവും ഭക്ഷണപ്പൊതികളും നല്‍കിയാണ് നഗരത്തിലെ പല സംഘടനകളും സ്വീകരിച്ചത്. 

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നടക്കുന്നതിനാലാണ് ആസാദ് മൈതാനത്തേക്കുള്ള മാര്‍ച്ച് രാത്രിയില്‍ തന്നെയാക്കാന്‍ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള സംഘാടകര്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി സയേണില്‍ തങ്ങ് ഇന്നു രാവിലെ ആസാദ് മൈതാനത്തേക്കു തിരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അര ലക്ഷത്തിലേറെ കര്‍ഷകര്‍ നഗരമധ്യത്തിലൂടെ മാര്‍ച്ച നടത്തുന്നത് ഗതാഗതത്തെ ബാധിക്കുന്നതിനാല്‍ പരീക്ഷയെഴുതാന്‍ പോവുന്നവര്‍ക്ക് ഇതു പ്രയാസമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കാന്‍ കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ രാത്രിയില്‍ തന്നെ ആസാ്ദ് മൈതാനത്തേക്കുള്ള യാത്ര തുടരുമെന്നും കിസാന്‍ സഭ അറയിക്കുകയായിരുന്നു. ഇതിനെ വലിയ കൈയടികളോടെയാണ് സാമൂഹ്യമാധ്യമങ്ങളും നഗരവാസികളും സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com