പ്രത്യേക മതമെന്ന ആവശ്യത്തെ എതിര്‍ത്ത് ആര്‍എസ്എസ്; അവരോട് അനുമതി ചോദിച്ചില്ലെന്ന് ലിംഗായത്ത് സമുദായം 

തങ്ങളുടെ സമുദായത്തെ പ്രത്യേക മതമായി പരിഗണിക്കണമെന്ന ആവശ്യത്തെ എതിര്‍ക്കുന്ന ആര്‍എസ്എസിന് എതിരെ ലിംഗായത്തുകള്‍
പ്രത്യേക മതമെന്ന ആവശ്യത്തെ എതിര്‍ത്ത് ആര്‍എസ്എസ്; അവരോട് അനുമതി ചോദിച്ചില്ലെന്ന് ലിംഗായത്ത് സമുദായം 

ബംഗലൂരു: തങ്ങളുടെ സമുദായത്തെ പ്രത്യേക മതമായി പരിഗണിക്കണമെന്ന ആവശ്യത്തെ എതിര്‍ക്കുന്ന ആര്‍എസ്എസിന് എതിരെ ലിംഗായത്തുകള്‍. ഇക്കാര്യത്തില്‍ ബിജെപിയുടെ അനുമതി ആവശ്യമില്ലെന്ന് ചൂണ്ടികാണിച്ച് ആവശ്യവുമായി മുന്നോട്ടുപോകാനുളള ഒരുക്കത്തിലാണ് ലിംഗായത്ത് സമുദായ നേതാക്കള്‍.

നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് സമ്മേളനത്തില്‍  പ്രത്യേക മതമായി പരിഗണിക്കണമെന്ന ലിംഗായത്തുകളുടെ ആവശ്യത്തെ എതിര്‍ത്തിരുന്നു. ഹിന്ദുമതവിഭാഗത്തെ വിഘടിപ്പിക്കാന്‍ ഇത് കാരണമാകുമെന്ന് ചൂണ്ടികാണിച്ചായിരുന്നു എതിര്‍പ്പ്. ന്യൂനപക്ഷ പദവി നല്‍കുന്നത് പോലും പ്രതികൂലമാകുമെന്ന് ആര്‍എസ്എസ് ശക്തമായി ഉന്നയിക്കുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസിന്റെ നിലപാടിനെ തളളി ലിംഗായത്ത് സമുദായം രംഗത്തുവന്നത്. പ്രത്യേക മതമായി പരിഗണിക്കുക അല്ലാത്ത പക്ഷം ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് ഇവര്‍.

ലിംഗായത്തുകളുടെ ഈ ആവശ്യം അനുഭാവപൂര്‍വ്വമായാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പരിഗണിച്ചത്. ഇവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച ഉന്നതതല സമിതി ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഉടന്‍ മന്ത്രിസഭ കൂടി ഇതിന് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ന്യൂനപക്ഷ പദവി അല്ലെങ്കില്‍ പ്രത്യേക മതം എന്ന ആവശ്യത്തില്‍ ലിംഗായത്തുകള്‍ തന്നെ രണ്ടുതട്ടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിംഗായത്തുകളിലെ ഒരു വിഭാഗമായ വീരശൈവാസിന് പുതിയതായി രൂപികരിക്കാന്‍ ഉദേശിക്കുന്ന മതത്തിന് വീരശൈവ അല്ലെങ്കില്‍ വീരശൈവ- ലിംഗായത്ത് എന്ന പേര് നല്‍കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ ലിംഗായത്തുകളിലെ തീവ്രവിഭാഗം ലിംഗായത്തിന്റെ കൂടെ മറ്റൊന്നും ചേര്‍ക്കേണ്ടതില്ലെന്ന് തറപ്പിച്ചുപറയുന്നു. വീരശൈവ വിഭാഗം വേദ പാരമ്പര്യമുളളവരാണെന്ന് ചൂണ്ടികാണിച്ചാണ് തീവ്ര വിഭാഗം ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത്. ലിംഗായത്ത് സമുദായത്തിലെ ഈ ഭിന്നത കാര്യങ്ങള്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്കയും കര്‍ണാടക സര്‍ക്കാരിനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com