2019ല്‍ ബിജെപിക്ക് 100 സീറ്റുകള്‍ നഷ്ടപ്പെടാം; ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി ശിവസേന 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നൂറ് മുതല്‍ 110 സീറ്റുകള്‍ വരെ നഷ്ടപ്പെടാമെന്ന് ശിവസേന.
2019ല്‍ ബിജെപിക്ക് 100 സീറ്റുകള്‍ നഷ്ടപ്പെടാം; ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി ശിവസേന 

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നൂറ് മുതല്‍ 110 സീറ്റുകള്‍ വരെ നഷ്ടപ്പെടാമെന്ന് ശിവസേന. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് ഈ സൂചനയാണ്. ബിജെപിയുടെ ഉരുക്കുകോട്ടകളില്‍ സമാജ് വാദി പാര്‍ട്ടി വെന്നിക്കൊടി പാറിച്ചത് നേതൃത്വത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണെന്നും ശിവസേന ആരോപിച്ചു.

ത്രിപുര പോലുളള ചെറിയ സംസ്ഥാനത്തെ വിജയത്തില്‍ മതിമറന്ന് ആഘോഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഉത്തര്‍പ്രദേശ്, ബീഹാര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ പോലും കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടതെന്നും മുഖപത്രമായ സാമ്‌നയില്‍ ശിവസേന കുറ്റപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ ഒന്നാകെയുളള വികാരം പ്രതിഫലിക്കുന്നതല്ലെന്നാണ് ബിജെപി നേതാക്കള്‍ വാദിക്കുന്നത്. എന്നാല്‍ നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം നടന്ന ഒന്‍പതു ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി തോല്‍വി രുചിച്ച കാര്യം മറക്കരുതെന്ന് ശിവസേന ഓര്‍മ്മപ്പെടുത്തുന്നു.

കുറഞ്ഞ വോട്ടിങ്ങ് ശതമാനം, സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയുമായുളള കൂട്ടുകെട്ട് തുടങ്ങിയ ന്യായവാദങ്ങള്‍ നിരത്തിയാണ് ബിജെപി വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നത്. എന്നാല്‍ 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷം നിരവധി കൂട്ടുകെട്ടുകള്‍ക്ക് ബിജെപി മുന്‍കൈയെടുത്ത കാര്യം മറക്കരുതെന്ന്്് ശിവസേന കുറ്റപ്പെടുത്തുന്നു. ത്രിപുരയില്‍ കോണ്‍ഗ്രസിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും മുഴുവനായി വിഴുങ്ങിയതിനെ എങ്ങനെയാണ് വിളിക്കുക എന്നും ശിവസേന ചോദിക്കുന്നു. നരേഷ് അഗര്‍വാളിന്റെ ബിജെപി പ്രവേശനത്തെ എങ്ങനെയാണ് ന്യായീകരിക്കുന്നത് അങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപിയെ ശിവസേന കടന്നാക്രമിക്കുന്നത്.

ബീഹാറിലെ ആര്‍ജെഡിയുടെ വിജയത്തെ സഹതാപതരംഗം എന്ന് പറഞ്ഞ് ന്യായീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ ബിജെപി- ജെഡിയു സഖ്യത്തിനേറ്റ വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ശിവസേന ചൂണ്ടികാണിക്കുന്നു. 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നൂറ് സീറ്റുകള്‍ നഷ്ടപ്പെടാമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ശിവസേന , തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് അമേരിക്കയിലോ റഷ്യയിലോ അല്ലെന്ന് തിരിച്ചറിഞ്ഞ് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരാന്‍ മുഖപത്രം  ഉപദേശിക്കുന്നു.

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാനാണ് ശിവസേനയുടെ നീക്കം. ഇതിന് പിന്നാലെ ബിജെപിക്കെതിരെയുളള ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ശിവസേന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com