ദലിതുകളെ വിശുദ്ധരാക്കാന്‍ ഞാന്‍ രാമനല്ല;  ബിജെപിയുടെ ദലിത് ഭവന സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി ഉമാഭാരതി 

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദലിത് വിരോധം പരിഹരിക്കാനുളള ബിജെപിയുടെ ശ്രമങ്ങളെ ചോദ്യം ചെയ്ത് മുതിര്‍ന്ന നേതാവ് ഉമാഭാരതി
ദലിതുകളെ വിശുദ്ധരാക്കാന്‍ ഞാന്‍ രാമനല്ല;  ബിജെപിയുടെ ദലിത് ഭവന സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി ഉമാഭാരതി 

ലക്‌നൗ: 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദലിത് വിരോധം പരിഹരിക്കാനുളള ബിജെപിയുടെ ശ്രമങ്ങളെ ചോദ്യം ചെയ്ത് മുതിര്‍ന്ന നേതാവ് ഉമാഭാരതി. ദലിത് ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടുകേള്‍ക്കുന്ന ബിജെപിയുടെ മെഗാ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഉമാഭാരതി തുറന്നടിച്ചു. പകരം ദലിതരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് വേണ്ട സേവനങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കും.സമൂഹത്തില്‍ സ്വീകാര്യതയുളള വിഭാഗമാണെന്ന തോന്നല്‍ അവരില്‍ തന്നെ സൃഷ്ടിക്കുന്നവിധമുളള നടപടികളാണ് കൈക്കൊളളുക എന്നും അവര്‍ ചൂണ്ടികാണിച്ചു.

പുരാണത്തില്‍ ശ്രീരാമന്‍ ശബരിയെ അനുഗ്രഹിച്ചതുപോലെ ബിജെപി നേതാക്കള്‍ ദലിതുകളെ അവരുടെ വീട്ടിലെത്തി ആശീര്‍വദിക്കുന്നുവെന്ന യുപി മന്ത്രി രാജേന്ദ്ര പ്രതാപ് സിങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പരോക്ഷ മറുപടിയെന്നോണമാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.ദലിതുകളുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് അവരെ വിശുദ്ധരാക്കാന്‍ ഞാന്‍ രാമനാണെന്ന് കരുതുന്നില്ല. പകരം അവരെ തന്റെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് വേണ്ട സേവനം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് ഉമഭാരതി പ്രതികരിച്ചു. തന്റെ വീട്ടില്‍ അവരൊടൊപ്പം ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ താന്‍ ഉള്‍പ്പെടെയുളളവര്‍ പരിശുദ്ധരാകുമെന്നാണ് കരുതുന്നതെന്നും ഉമഭാരതി ചൂണ്ടികാട്ടി.

രാംനാഥ് കോവിദിനെ രാഷ്ട്രപതിയാക്കിയത് ദലിതുകളും ബിജെപിയുമായുളള ഊഷ്മളമായ ബന്ധത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു. ദലിതുകളുമായുളള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബിജെപി ശ്രമിക്കണമെന്ന സന്ദേശമാണ് മോദി ഇതിലുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ഈ ശ്രമങ്ങളെ തളളിപറയുന്ന നിലപാടാണ് മോദിയുടെ മന്ത്രിസഭയിലെ അംഗവും മുതിര്‍ന്ന ബിജെപി നേതാവുമായി ഉമാഭാരതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇത് ബിജെപിയിലെ ഭിന്നത വെളിവാക്കുന്നതാണെന്ന്് രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com