മോദിയെ പ്രകീര്‍ത്തിച്ച് ദേവഗൗഡ; കര്‍ണാടക രാഷ്ട്രീയത്തില്‍ പുതിയ ധ്രുവീകരണം?

പൊതുപ്രസംഗത്തിന്റെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയേക്കാള്‍ മൂര്‍ച്ചയേറിയതാണ് മോദിയുടെ വാക്കുകള്‍ എന്ന് ദേവഗൗഡ
മോദിയെ പ്രകീര്‍ത്തിച്ച് ദേവഗൗഡ; കര്‍ണാടക രാഷ്ട്രീയത്തില്‍ പുതിയ ധ്രുവീകരണം?

ബംഗലൂരു:  കര്‍ണാടക തെരഞ്ഞെടുപ്പില്‍ എച്ച് ഡി ദേവഗൗഡയുടെ ജെഡിഎസ് ബിജെപിയുമായി അടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് എച്ച്ഡി ദേവഗൗഡ. പൊതുപ്രസംഗത്തിന്റെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയേക്കാള്‍ മൂര്‍ച്ചയേറിയതാണ് മോദിയുടെ വാക്കുകള്‍ എന്ന് ദേവഗൗഡ പ്രശംസിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടി അധികാരത്തില്‍ വരുന്നത്  ഉറപ്പുവരുത്താനാണ് താന്‍ ശ്രമിക്കുന്നത്. ബിജെപിയുമായി ജെഡിഎസ് ധാരണയിലെത്തി എന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ദേവഗൗഡ വിമര്‍ശിച്ചു.

2014ല്‍ ലോക്‌സഭാംഗത്വം ഉപേക്ഷിക്കാനുളള തീരുമാനത്തില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചത് പ്രധാനമന്ത്രിയാണെന്ന് പറഞ്ഞു കൊണ്ടാണ് മോദിയെ പ്രകീര്‍ത്തിച്ച് ദേവഗൗഡ രംഗത്തുവന്നത്. താങ്കളുടെ സീനിയോറിറ്റിയും പരിചയസമ്പത്തും രാജ്യത്തിന് ആവശ്യമാണെന്ന് ചൂണ്ടികാണിച്ചാണ് മോദി തന്നെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രസംഗകലയില്‍ വാജ്‌പേയിയേക്കാള്‍ ഒരു പടി മുന്നിലാണ് മോദിയെന്ന് ഗൗഡ പ്രകീര്‍ത്തിച്ചത്.

2006 ല്‍ തന്നെ കോണ്‍ഗ്രസുമായുളള ബന്ധം ഉപേക്ഷിച്ചതാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോണ്‍ഗ്രസ് ദേശീയ തലത്തില്‍ അപ്രസക്തമായി കൊണ്ടിരിക്കുകയാണ്. കര്‍ണാടകയില്‍ മാത്രമാണ് അവര്‍ക്ക് ഇപ്പോള്‍ അധികാരമുളളത്. എന്നാല്‍ തെരഞ്ഞെടുപ്പോടെ കര്‍ണാടകയിലും അവരുടെ സ്ഥിതി പരിതാപകരമാകുമെന്ന് ദേവഗൗഡ ആരോപിച്ചു.

കര്‍ണാടകയില്‍ ബിഎസ്പിയുമായി സഖ്യം രൂപികരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന ജെഡിഎസിന് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ദേവഗൗഡ തുറന്നുസമ്മതിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം രണ്ടുമാസം കഴിയുമ്പോള്‍ തങ്ങള്‍ വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുമെന്നും ദേവഗൗഡ വ്യക്തമാക്കി. ഇതിലുടെ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിക്കുന്ന ദേവഗൗഡ അധികം കാലതാമസമില്ലാതെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനുളള സാധ്യതയാണ് പറഞ്ഞുവെക്കുന്നത്. 

ബിജെപിയുമായി ജെഡിഎസ് ധാരണയിലെത്തി എന്ന് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് ദേവഗൗഡ വിമര്‍ശിച്ചത്.  മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെ പറയുന്നത്. എന്നാല്‍ തന്റെ മകന്‍ കുമാരസ്വാമി ബിജെപിയുമായി യോജിപ്പിലെത്തിയാല്‍ അദ്ദേഹത്തെ ബഹിഷ്‌കരിക്കുമെന്നും ദേവഗൗഡ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com