വാട്ട്‌സ്ആപ്പ് സന്ദേശം വില്ലനായി; കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കിയതിന് 65കാരിയെ ജനക്കൂട്ടം തല്ലിക്കൊന്നു

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നവരെക്കുറിച്ച് ഊഹാപോഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ദുരന്തത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്
വാട്ട്‌സ്ആപ്പ് സന്ദേശം വില്ലനായി; കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കിയതിന് 65കാരിയെ ജനക്കൂട്ടം തല്ലിക്കൊന്നു


കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കിയതിന് 65 കാരിയെ ജനക്കൂട്ടം തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുവനമലയിലാണ് ബുധനാഴ്ച സംഭവമുണ്ടായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതാണെന്ന് സംശയിച്ചാണ് സ്ത്രീയേയും അവരുടെ ബന്ധുക്കളേയും ഡ്രൈവറേയും ക്രൂരമായി ആക്രമിച്ചത്. ബന്ധുക്കള്‍ക്കും ഡ്രൈവറിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മരിച്ച രുക്മിണിയും മലേഷ്യയില്‍ നിന്നെത്തിയ രണ്ട് ബന്ധുക്കളും തിരുവനമലയിലെ തങ്ങളുടെ കുടുംബക്ഷേത്രത്തില്‍ എത്തിയതായിരുന്നു. അമ്പലം ചുറ്റി വരുമ്പോള്‍ അവര്‍ രണ്ട് കുട്ടികള്‍ ഇരുന്ന് കളിക്കുന്നതു കണ്ടു. ഈ കുട്ടികള്‍ക്ക് അവര്‍ ചോക്ലേറ്റ് നല്‍കി. ഇത് കണ്ട ഒരു സ്ത്രീ രുക്മിണി കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ഒച്ചവെച്ചു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെക്കുറിച്ച് വാട്ട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതുടര്‍ന്ന് കുറച്ച് സമയത്തിനുള്ളില്‍ സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടി. സന്ദര്‍ശകരുടെ നേരെ ഇവര്‍ ഒച്ചവെക്കാന്‍ തുടങ്ങി. ഇതു കണ്ട് ഭയന്ന ഇവര്‍ കാറില്‍ കയറി പോകാന്‍ ശ്രമിച്ചു. എന്നാല്‍ കാര്‍ കുറച്ച് മുന്നോട്ട് എടുത്തപ്പോഴേക്കും ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് വണ്ടി തടയുകയും യാത്രക്കാരെ വലിച്ച് പുറത്തിട്ട് വടികൊണ്ട് തല്ലുകയുമായിരുന്നു. 

സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. രുക്മിണി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നവരെക്കുറിച്ച് ഊഹാപോഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ദുരന്തത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com