ജനപ്രീതിയില്‍ മോദി താഴേക്ക്;  വര്‍ഗീയത തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമെന്ന് സര്‍വ്വേ

അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന മോദി സര്‍ക്കാരിന്റെ ജനപ്രീതിയില്‍ ഇടിവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
 ജനപ്രീതിയില്‍ മോദി താഴേക്ക്;  വര്‍ഗീയത തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി:  അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന മോദി സര്‍ക്കാരിന്റെ ജനപ്രീതിയില്‍ ഇടിവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഭരണവിരുദ്ധ വികാരമാണ് ഇടിവിന് കാരണമെന്ന് ലോക്കല്‍ സര്‍ക്കിള്‍സിന്റെ സര്‍വ്വേയില്‍ പറയുന്നു. രണ്ടു വര്‍ഷം മുന്‍പ് നടത്തിയ സര്‍വ്വേയുമായി താരതമ്യം ചെയ്താണ് പുതിയ കണ്ടെത്തല്‍.   മോദി സര്‍ക്കാരിന്റെ ജനപ്രീതിയില്‍ ഈ വര്‍ഷം ഏഴു ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.


സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം ജനങ്ങള്‍ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. രണ്ടു വര്‍ഷം മുന്‍പ് 64 ശതമാനമായിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. കഴിഞ്ഞ വര്‍ഷം ഇത് 61 ശതമാനമായിരുന്നു. 

വര്‍ഗീയത തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചതാണ് ജനപ്രീതി ഇടിയാന്‍ പ്രധാന കാരണമായി സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നത്.രണ്ടു വര്‍ഷം മുന്‍പ് 63 ശതമാനം ജനങ്ങള്‍ വര്‍ഗീയതയ്ക്ക് എതിരായുളള പോരാട്ടത്തില്‍ മോദി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 50 ശതമാനമായി ഇടിഞ്ഞു. 

കാര്‍ഷിക പ്രതിസന്ധിയാണ് മോദി സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം ജനങ്ങളും കാര്‍ഷിക മേഖലയില്‍ യാതൊരു പുരോഗതിയും ഇല്ലെന്ന് വിശ്വസിക്കുന്നവരാണ്. 37 ശതമാനം മാത്രമാണ് കാര്‍ഷിക മേഖലയില്‍ കാര്യമായ പുരോഗതി ഉണ്ടായതായി അവകാശപ്പെടുന്നത്.

തൊഴില്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മാത്രമാണ് മോദി സര്‍ക്കാരിന് സര്‍വ്വേ ആശ്വാസം നല്‍കുന്നത്.കഴിഞ്ഞ വര്‍ഷം സര്‍വ്വേയില്‍ പങ്കെടുത്ത 64 ശതമാനം പേരും കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ സൃഷ്ടിക്കലില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നില്ല. ഇത് 54 ശതമാനമായി താഴ്ന്നതാണ് മോദിസര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com