'ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകം'; ആരോപണവുമായി സ്വതന്ത്ര്യ അന്വേഷണം നടത്തിയ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍

ശ്രീദേവിയുടെ മരണം സ്വന്തം നിലയ്ക്ക് അന്വേഷിക്കാനായി ദുബായില്‍ പോയി തിരിച്ചുവന്നതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍
'ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകം'; ആരോപണവുമായി സ്വതന്ത്ര്യ അന്വേഷണം നടത്തിയ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍

ബോളിവുഡ് താരറാണി ശ്രീദേവിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ച് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ രംഗത്ത്. പ്രൈവറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നടത്തുന്ന വേദ് ഭൂഷനാണ് ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരിക്കുന്നത്. മുങ്ങിമരണമെന്ന് കണക്കാക്കാന്‍ സാധിക്കില്ലെന്നും അസൂത്രിത കൊലപാതകം പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീദേവിയുടെ മരണം പുനഃരന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുനില്‍ സിങ് എന്ന സംവിധായകന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കൊലപാതകമാണെന്ന് പറഞ്ഞുകൊണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. 

'ഒരു വ്യക്തിയെ ബാത്ത്ടബ്ബില്‍ തള്ളിയിട്ട് കൊല്ലാന്‍ വളരെ എളുപ്പമാണ്. ശ്വാസം നിലയ്ക്കുന്നതുവരെ അവരെ വെള്ളത്തില്‍ മുക്കിപ്പിടിക്കുന്നതിലൂടെ ഒരു തെളിവും അവശേഷിപ്പിക്കാതെ കൊലനടത്തുകയും അപകട മരണമെന്ന് പറയുകയും ചെയ്യാം. ശ്രീദേവിയുടേത് ആസുത്രിത കൊലപാതകം പോലെയാണ്.' ഡല്‍ഹി പൊലീസ് എസിപി ആയിരുന്ന വേദ് ഭൂഷന്‍ വ്യക്തമാക്കി. ശ്രീദേവിയുടെ മരണം സ്വന്തം നിലയ്ക്ക് അന്വേഷിക്കാനായി ദുബായില്‍ പോയി തിരിച്ചുവന്നതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 

ദുബായിലെ ഹോട്ടല്‍ റൂമില്‍ വെച്ചാണ് ശ്രീദേവി മരിക്കുന്നത്. ബാത്ത്ടബ്ബില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീദേവിയുടേത് അപകടമരണമാണെന്ന് ദുബായ് പൊലീസ് വിധിയെഴുതി. ബാത്ത്ടബ്ബില്‍ മുങ്ങിപ്പോയതാണ് മരണത്തിന് കാരണമായി പറയുന്നത്. 

എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നാണ് ഭൂഷന്‍ പറയുന്നത്. ശ്രീദേവിയുടെ മരണ റിപ്പോര്‍ട്ടില്‍ സംതൃപ്തരല്ലെന്നും യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ടെന്നും മരണം സംബന്ധിച്ച വസ്തുതകള്‍ക്കായി തങ്ങള്‍ ദുബായില്‍ പോയെന്നും ഭൂഷന്‍ കുട്ടിച്ചേര്‍ത്തു. അന്വേണത്തിന്റെ ഭാഗമായി ഭൂഷണ്‍ ശ്രീദേവി മരിച്ച ജുമൈറ എമിറേറ്റ്‌സ് ടവറില്‍ പോയിരുന്നു. എന്നാല്‍ ശ്രീദേവി താമസിച്ച മുറിയില്‍ പ്രവേശിക്കാനായില്ല. തുടര്‍ന്ന് മറ്റൊരു മുറിയില്‍ അതേ രംഗങ്ങള്‍ പുനര്‍സൃഷ്ടിച്ചാണ് മരണത്തില്‍ എന്തോ നിഗൂഢതയുണ്ടെന്ന അനുമാനത്തിലെത്തിയത്. 

എന്തുകൊണ്ടാണ് ശ്രീദേവിയുടെ മരണം പെട്ടെന്ന് അവസാനിപ്പിക്കാന്‍ കാരണമെന്നും അദ്ദേഹം ചോദിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പറഞ്ഞിട്ട് പെട്ടെന്ന് കേസ് അവസാനിപ്പിക്കുകയായിരുന്നു. ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നുള്ള വിശ്വാസത്തിലാണ് ഭൂഷന്‍. അദ്ദേഹത്തിന്റെ കീഴിലുള്ള സ്വതന്ത്ര്യ അന്വേഷണം തുടരുകയാണ്. ഉന്നത തലത്തില്‍ കേസ് അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com