ആരോഗ്യവും ദീര്‍ഘായുസും നേരുന്നു; ദേവഗൗഡയ്ക്ക് മോദിയുടെ ജന്മദിനാശംസ

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ , ജെഡിഎസ് നേതാവ് എച്ചി ഡി ദേവഗൗഡയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ആരോഗ്യവും ദീര്‍ഘായുസും നേരുന്നു; ദേവഗൗഡയ്ക്ക് മോദിയുടെ ജന്മദിനാശംസ

ബംഗലൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ , ജെഡിഎസ് നേതാവ് എച്ചി ഡി ദേവഗൗഡയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മെച്ചപ്പെട്ട ആരോഗ്യവും ദീര്‍ഘായുസും നേര്‍ന്ന് ട്വിറ്ററിലാണ് മോദിയുടെ ജന്മദിനാശംസ. കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ മോദിയുടെ ജന്മദിനാശംസയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറേയാണ്. ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിമാറ്റി സര്‍ക്കാരിനെ നിലനിര്‍ത്താനുളള തീവ്രശ്രമത്തിലാണ് ബിജെപി. ഈ പശ്ചാത്തലത്തില്‍ ദേവഗൗഡയെ പ്രീതിപ്പെടുത്താനാണോ മോദി ജന്മദിനാശംസ നേര്‍ന്നത് എന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.  

 തെരഞ്ഞെടുപ്പിന് മുന്‍പ് ദേവഗൗഡയെ പ്രകീര്‍ത്തിച്ച് മോദി രംഗത്തുവന്നത് വാര്‍ത്തകൡ നിറഞ്ഞിരുന്നു. ബിജെപി ജെഡിഎസുമായി അടുക്കാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ദേവഗൗഡ എല്ലാവരും ബഹുമാനിക്കുന്ന രാജ്യത്തെ മികച്ച നേതാക്കളില്‍ ഒരാളാണെന്നും കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും മോദി കുറ്റപ്പെടുത്തി. ദേവഗൗഡ എന്നെ കാണാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ബഹുമാനത്തോടെയാണ് സ്വീകരിച്ചത്. വാതില്‍ക്കലെത്തി അദ്ദേഹത്തെ വരവേറ്റു, അദ്ദേഹത്തിന്റെ കാറിന്റെ വാതില്‍ തുറന്നുകൊടുത്തു. ഈ നിലയില്‍ ദേവഗൗഡയോടുളള ബഹുമാനം പ്രകടിപ്പിക്കുന്ന തരത്തിലായിരുന്നു മോദിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിന് പിന്നാലെ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യമുണ്ടാക്കിയത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിച്ചുവെങ്കില്‍ , സുസ്ഥിരമായ സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ജെഡിഎസിലോ, കോണ്‍ഗ്രസിലോ പിളര്‍പ്പ് അനിവാര്യമാണെന്ന് ബിജെപി കരുതുന്നു. ഇത്തരത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ കൊഴുക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ ട്വീറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com