കടുത്ത വരള്‍ച്ച; മഴ പെയ്യിക്കാന്‍ യാഗങ്ങളുമായി ഗുജറാത്ത് സര്‍ക്കാര്‍

മേയ് 31നു സംസ്ഥാനത്തെ 33 ജില്ലകളിലും എട്ടു പ്രധാന നഗരങ്ങളിലുമായി 41 പര്‍ജന്യ യാഗങ്ങള്‍ സംഘടിപ്പിക്കാനാണു സര്‍ക്കാര്‍ ഒരുങ്ങുന്നത്
കടുത്ത വരള്‍ച്ച; മഴ പെയ്യിക്കാന്‍ യാഗങ്ങളുമായി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ നല്ല മഴ ലഭിക്കാനായി യാഗം നടത്താന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. മേയ് 31നു സംസ്ഥാനത്തെ 33 ജില്ലകളിലും എട്ടു പ്രധാന നഗരങ്ങളിലുമായി 41 പര്‍ജന്യ യാഗങ്ങള്‍ സംഘടിപ്പിക്കാനാണു സര്‍ക്കാര്‍ ഒരുങ്ങുന്നത്. മഴ, ജല ദൈവങ്ങളായ ഇന്ദ്രന്‍, വരുണന്‍ എന്നിവരുടെ കരുണ തേടിയാണ് സര്‍ക്കാര്‍ വക യാഗങ്ങള്‍. 

സംസ്ഥാന സര്‍ക്കാരിന്റെ ജലസംരക്ഷണപദ്ധതികളുടെ ഭാഗമായ സുജലാം സുഫലാം ജല്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണു യാഗങ്ങളും സംഘടിപ്പിക്കുന്നത്. വരാനിരിക്കുന്ന മണ്‍സൂണ്‍ സീസണില്‍ മഴവെള്ളം കൂടുതല്‍ ശേഖരിക്കുന്നതിനായി നദികള്‍, കുളം, തടാകം, കനാലുകള്‍ എന്നിവയെല്ലാം ഒരുക്കി നിര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ യാഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. നല്ലൊരു മണ്‍സൂണ്‍ പ്രതീക്ഷിച്ചാണു പൂജകള്‍ സംഘടിപ്പിക്കുന്നതെന്നു ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. പൂജകള്‍ക്കു ശേഷം പ്രസാദവിതരണം ഉണ്ടായിരിക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു. 

യാഗങ്ങളിലും തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തിലും മുഖ്യമന്ത്രി വിജയ് രൂപാണി, സംസ്ഥാന മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 25,227 മില്യന്‍ ക്യുബിക് മീറ്റര്‍ വരെ വെള്ളം ശേഖരിച്ചുവയ്ക്കാന്‍ ശേഷിയുള്ള ഗുജറാത്തിലെ 204 ഡാമുകളില്‍ ആകെ 29 ശതമാനം മാത്രമാണ് വെള്ളമുള്ളത്. വരള്‍ച്ചയെ മറികടക്കാനായില്ലെങ്കില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ ബിജെപിക്കു തിരിച്ചടി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രിമാര്‍ കരുതുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com