ഈ വേഷമിട്ടതില്‍ ലജ്ജ തോന്നുന്നു; തൂത്തുക്കുടി വെടിവയ്പില്‍ പ്രതിഷേധിച്ച് നടി, കേസെടുത്ത് പൊലീസ്‌

അഭിനയത്തിന് വേണ്ടിയാണെങ്കിലും ഈ വേഷം ഇടാന്‍ പൊലും ലജ്ജ തോന്നുന്നുവെന്നും നിലാനി തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നുണ്ട്. 
ഈ വേഷമിട്ടതില്‍ ലജ്ജ തോന്നുന്നു; തൂത്തുക്കുടി വെടിവയ്പില്‍ പ്രതിഷേധിച്ച് നടി, കേസെടുത്ത് പൊലീസ്‌

തൂത്തുക്കുടിയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധിച്ച തമിഴ് നടിക്കെതിരെ കേസെടുത്ത് പൊലീസ്. തമിഴ് സീരിയല്‍ താരം നിലാനിയെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഷൂട്ടിങ്ങിനിടെ പൊലീസ് വേഷത്തിലെത്തിയായിരുന്നു താരത്തിന്റെ പ്രതിഷേധം. അഭിനയത്തിന് വേണ്ടിയാണെങ്കിലും ഈ വേഷം ഇടാന്‍ പൊലും ലജ്ജ തോന്നുന്നുവെന്നും നിലാനി തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നുണ്ട്. 

ഏറെ വികാരനിര്‍ഭരമായിട്ടായിരുന്നു പൊലീസ് വെടിവെപ്പിനെതിരെ നിലാനിയുടെ പ്രതികരണം. എന്താണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. ഈ കാര്യങ്ങളെ ഓര്‍ത്ത് കഷ്ടം തോന്നുന്നു. സാധരണക്കാരെ തീവ്രവാദികളായി ചിത്രീകരിച്ചാണ് വെടിവെച്ച് വീഴ്ത്തുന്നതെന്നും അവര്‍ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. ഞാന്‍ ഷൂട്ടിംഗിലാണ്. അല്ലെങ്കില്‍ തിര്‍ച്ചയായും അവിടെ വന്ന് സമരക്കാര്‍ക്കൊപ്പം നില്‍ക്കുമായിരുന്നു. സ്വന്തം കൂടപ്പിറപ്പുകളെയാണ് അവര്‍ വെടിവച്ച് കൊന്നത്'- നിലാനി പറഞ്ഞു.

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലിലെ പൊലീസ് വേഷമിട്ടാണ് നിലാനി പ്രതിഷേധം അറിയിച്ചത്. 'അഭിനയമാണെങ്കില്‍ പോലും ഈ വേഷമിടാന്‍ ലജ്ജ തോന്നുന്നു എന്നും നിലാനി പറയുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് ഇത്. ഇങ്ങനെ തുടരാന്‍ അനുവദിക്കരുത്. ശ്രീലങ്കയില്‍ നടന്നതെന്തോ അത് തമിഴ്‌നാട്ടിലും നടത്താനാണ് അവരുടെ നീക്കം. ഈ വിഷയത്തില്‍ എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കണം. ഈ ഭീകരതയെ ശക്തമായി എതിര്‍ക്കണം. കൊല്ലപ്പെട്ടവരില്‍ എട്ട് പേരും സമരത്തിന് തുടക്കം മുതല്‍ നേതൃത്വം നല്‍കിയവരാണ്.

അതുകൊണ്ട് തന്നെ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ് ഇത്. ഇന്ന് അവരെ കൊന്നു. നാളെ നമുക്ക് നേരെയും വെടിയുതിര്‍ക്കും. നമ്മുടെ വീട്ടിലൊരാള്‍ കൊല്ലപ്പെട്ടാല്‍ നമ്മളെങ്ങനെയാണ് ആ വിഷയത്തില്‍ പ്രതികരിക്കുക. അതുപോലെ എല്ലാവരും ഒത്തുചേര്‍ന്ന് ഈ വിഷയത്തില്‍ പ്രതിഷേധിക്കണം. സര്‍ക്കാരിനെ നമ്മളെന്തിന് അനുസരിക്കണം? മനുഷ്യരെ കൊല്ലുന്ന സര്‍ക്കാരാണ് ഇത്. സര്‍ക്കാരിനെ ഇത്തരത്തില്‍ ഭരിക്കാന്‍ വിട്ടാല്‍ നമുക്കുള്ള കുഴി നമ്മള്‍ തന്നെ കുഴിക്കുന്നതു പോലെയാണ്. നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി നമ്മള്‍ പോരാടണമെന്നും ഇനി ആരും നാട്ടില്‍ മരിച്ചുവീഴരുതെന്നും നിലാനി ആവശ്യപ്പെടുന്നുണ്ട്. 

വിഡിയോ വിവാദമായതിന് പിന്നാലെയും നിലപാടില്‍ ഉറച്ചുനിന്ന് നിലാനി വീണ്ടും ലൈവുമായി വന്നു. പൊലീസ് വേഷത്തില്‍ വന്നത് തെറ്റായിപ്പോയെന്ന് പലരും പറഞ്ഞതായും അത് തെറ്റായിപ്പോയെന്നും നിലാനി തന്റെ അടുത്ത വീഡിയോയിലൂടെ വ്യക്തമാക്കി. ഇത് എന്റെ കഥാപാത്രത്തിന്റെ വേഷമാണ് എന്ന് ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് പിന്നില്‍ ആരുമില്ല എന്നും നിലാനി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com