നിങ്ങളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടാന്‍ തയ്യാറാണോ?; മോദിയെ വീണ്ടും വെല്ലുവിളിച്ച്  കോണ്‍ഗ്രസ്

തൂത്തുക്കുടി വെടിവയ്പ് ഉള്‍പ്പെടെ സമകാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങളില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ഫിറ്റ്‌നസ് വെല്ലുവിളി ഏറ്റെടുക്കുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്
നിങ്ങളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടാന്‍ തയ്യാറാണോ?; മോദിയെ വീണ്ടും വെല്ലുവിളിച്ച്  കോണ്‍ഗ്രസ്

വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അക്കൂട്ടത്തില്‍ പുതിയതാണ് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായുടെ ട്വീറ്റ്. തന്റെ ബിഎ,എംഎ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ബിഎ, എംഎ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കാനാണ് സഞ്ജയ് വെല്ലുവിളിച്ചിരിക്കുന്നത്. 

എങ്ങിനെ ഫിറ്റ്‌നസ് നിലനിര്‍ത്തി കൊണ്ടുപോകുന്നു എന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡായിരുന്നു ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമിട്ടത്. മന്ത്രി വെല്ലുവിളിച്ചതാവട്ടെ ഹൃത്വിക് റോഷന്‍, വിരാട് കോഹ്‌ലി, സൈന നെഹ്വാള്‍ എന്നിവരേയും. മൂവരും വെല്ലുവിളി ഏറ്റെടുത്ത് വര്‍ക്ക്ഔട്ട് വീഡിയോയുമായെത്തി. ജിമ്മിലെ വര്‍ക്ക്ഔട്ട് വീഡിയോയില്‍ പകര്‍ത്തിയ കോഹ്‌ലി ഭാര്യ അനുഷ്‌ക, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോനി എന്നിവരെയാണ് ചലഞ്ച് ചെയ്തത്. 

അനുഷ്‌കയുടേയും ധോനിയുടേയും കാര്യത്തില്‍ ആരാധകര്‍ക്ക് അത്ഭുതമൊന്നും തോന്നിയില്ലെങ്കിലും പ്രധാനമന്ത്രി ഈ ചലഞ്ച് ഏറ്റെടുക്കുമോ എന്ന സംശയമായിരുന്നു ഉയര്‍ന്നത്. എന്നല്‍ ചലഞ്ച് ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ മോദി, ഉടനെ തന്നെ തന്റെ ഫിറ്റ്‌നസ് വീഡിയോ അപ്ലോഡ് ചെയ്യുമെന്നും അറിയിച്ചു. 

ഇതിന് പിന്നാലെയാണ് രാഷ്ട്രീയ,സാമൂഹ്യരംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിയെ പലതരം വിഷയങ്ങളുമായെത്തി വെല്ലുവിളിച്ചത്. കുതിച്ചുയരുന്ന ഇന്ധന വില കുറക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചത്. കര്‍ഷകര്‍ക്ക് ആശ്വാസവും യുവാക്കള്‍ക്ക് ജോലിയും നല്‍കാനായിരുന്നു ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ വെല്ലുവിളി. തൂത്തുക്കുടി വെടിവയ്പ് ഉള്‍പ്പെടെ സമകാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങളില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ഫിറ്റ്‌നസ് വെല്ലുവിളി ഏറ്റെടുക്കുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com