തൂത്തുക്കുടി വെടിവെപ്പ്; തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്
തൂത്തുക്കുടി വെടിവെപ്പ്; തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്

തൂത്തുക്കുടി; വേദാന്ത സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളാണ് ബന്ദ് നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്. തൂത്തുക്കുടി വെടിവെപ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, മുഖ്യമന്ത്രിയും ഡിജിപിയും രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. 

റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചേക്കും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലടക്കം സുരക്ഷ ശക്തമാണ്. അതേസമയം, സര്‍ക്കാര്‍ ബസ്സുകള്‍ സര്‍വീസ് നടത്തും. എഐഎഡിഎംകെ  അനുകൂല തൊഴിലാളി സംഘടനകളിലെ ജീവനക്കാരെ ഉപയോഗിച്ച് ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ വെടിവയ്പ്പില്‍ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

തൂത്തുക്കുടി വെടിവെപ്പിനെതിരേ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ മൂന്ന് ജില്ലകളിലെ ഇന്റര്‍നെറ്റ് റദ്ദ് ചെയ്തിരിക്കുകയാണ്. വേദാന്തയ്‌ക്കെതിരായി നടക്കുന്ന സമരത്തിന്റെ നൂറാം ദിവസമാണ് സംഭവമുണ്ടായത്. സമരത്തിന് നേതൃത്വം നല്‍കിയിരുന്നവരെ തെരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നെന്നാണ് സമരക്കാരുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com