വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കുന്നു; ഗുരുതര ആരോപണവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ശിവസേന 

മഹാരാഷ്ട്ര പാല്‍ഗര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന
വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കുന്നു; ഗുരുതര ആരോപണവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ശിവസേന 

മുംബൈ: മഹാരാഷ്ട്ര പാല്‍ഗര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന. വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കുന്നതായി ശിവസേന ആരോപിച്ചു. വോട്ടിനെ സ്വാധീനിക്കാന്‍ ബിജെപി കൈക്കൂലി നല്‍കുന്നുവെന്ന് ആരോപിച്ച് ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. 

തിങ്കളാഴ്ചയാണ് ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകമായ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി എംപി ചിന്തമന്‍ വാംഗയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ശിവസേന നേതാവ് അമിത് ഗോഡ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ഈ പശ്ചാത്തലത്തില്‍ ബിജെപി പ്രതിനിധി രാജേന്ദ്ര ഗാവിതിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും കത്തില്‍ ശിവസേന ആവശ്യപ്പെടുന്നു.

അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ബിജെപിയുടെയും ശിവസേനയുടെയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉള്‍പ്പെടെ വിവിധ ദേശീയ നേതാക്കള്‍ പങ്കെടുത്ത റാലികള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തത്. 

അടുത്തിടെ, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന നേതാവ് സഞജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശിവസേനയുമായി സഖ്യം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com