'മോദി വിശ്വാസം തകര്‍ത്തൂ, ഇനി കോണ്‍ഗ്രസിനെ പരീക്ഷിക്കൂ'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'ജനങ്ങളെ ഒന്നിപ്പിക്കാനാണു ഗാന്ധിജി ശ്രമിച്ചത്. ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണു മോദി ശ്രമിക്കുന്നത്'
'മോദി വിശ്വാസം തകര്‍ത്തൂ, ഇനി കോണ്‍ഗ്രസിനെ പരീക്ഷിക്കൂ'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

വാര്‍ധ; ഗാന്ധി ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി ജനങ്ങളുടെ വിശ്വാസം തകര്‍ത്തെന്നും ഇനി കോണ്‍ഗ്രസിനേയും മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളേയും വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനത്തിന്റെ ഭാഗമായി വാര്‍ധയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. 

'ജനങ്ങളെ ഒന്നിപ്പിക്കാനാണു ഗാന്ധിജി ശ്രമിച്ചത്. ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണു മോദി ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിനെ (എച്ച്എഎല്‍) മറികടന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനു റഫാല്‍ യുദ്ധവിമാനങ്ങളുടെ കരാര്‍ നല്‍കിയത് എന്തിനെന്ന് മോദി രാജ്യത്തോടു വിശദീകരിക്കണം' രാഹുല്‍ പറഞ്ഞു.
 
മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല  മുതലാളിമാരുടെ പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു. റഫാലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു 'കണ്ണില്‍ നോക്കി' മറുപടി പറയാന്‍ മോദിക്കു ഭയമാണെന്നും അദ്ദേഹം നുണ പറയുകയാണെന്നുമാണ് രാഹുല്‍ പറയുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കര്‍ഷകര്‍ ഡല്‍ഹിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനത്തെ പൊലീസ് തല്ലിച്ചതച്ചതിലും രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

മോദി വ്യാജ വാഗ്ധാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അതിനാല്‍ ഇത്തവണ കോണ്‍ഗ്രസിനെ പരീക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കാവുന്ന കാലമാണു കോണ്‍ഗ്രസിന്റെ വാഗ്ധാനം. കര്‍ഷകരുടെ കൂടെനില്‍ക്കും. ഇത്തവണ കോണ്‍ഗ്രസിനെ പരീക്ഷിക്കൂ'  രാഹുല്‍ഗാന്ധി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com