ഇന്ത്യന്‍ പട്ടാളം മെലിയുന്നു; ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും, വന്‍ പരിഷ്‌കരണത്തിന് ഒരുങ്ങി സൈന്യം 

സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ക്രിയാത്മകവും മൂര്‍ച്ചയുളളതുമാക്കാന്‍ കേഡര്‍ പരിഷ്‌കരിക്കാനുളള ശ്രമത്തിലാണ് കരസേന
ഇന്ത്യന്‍ പട്ടാളം മെലിയുന്നു; ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും, വന്‍ പരിഷ്‌കരണത്തിന് ഒരുങ്ങി സൈന്യം 

ന്യൂഡല്‍ഹി: അടുത്ത അഞ്ചുവര്‍ഷത്തിനുളളില്‍ 1,50,000 തൊഴിലുകള്‍ വെട്ടിച്ചുരുക്കാന്‍ ഒരുങ്ങി കരസേന. സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ക്രിയാത്മകവും മൂര്‍ച്ചയുളളതുമാക്കാന്‍ കേഡര്‍ പരിഷ്‌കരിക്കാനുളള ശ്രമത്തിലാണ് കരസേന. ഇതിന്റെ ഭാഗമായാണ് വെട്ടിച്ചുരുക്കാനുളള നടപടികള്‍ പുരോഗമിക്കുന്നത്.

ജൂണ്‍ 21 ന് ഉത്തരവിട്ട കേഡര്‍ അവലോകനത്തില്‍ ഇതെല്ലാം ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. തൊഴിലുകള്‍ വെട്ടിക്കുറച്ചും വിവിധ വിഭാഗങ്ങളെ പരസ്പരം ലയിപ്പിച്ചും സേനയെ യുക്തിസഹമാക്കാന്‍ ലക്ഷ്യമിട്ടാണ് കേഡര്‍ അവലോകനത്തിന് നടപടികള്‍ സ്വീകരിച്ചത്. 11 അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേഡര്‍ അവലോകന സമിതിയുടെ അധ്യക്ഷന്‍ മിലിറ്ററി സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ജെ എസ് സന്ധുവാണ്. ഈ മാസം അവസാനത്തോടെ കരസേന മേധാവി ബിപിന്‍ റാവത്തിന് മുന്‍പാകെ സമിതി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവിധ വിഭാഗങ്ങളെ ലയിപ്പിക്കുന്നതോടെ, അടുത്ത രണ്ടുവര്‍ഷത്തിനുളളില്‍ 50,000 തൊഴിലുകള്‍ വെട്ടിച്ചുരുക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇത് തുടര്‍ന്നാല്‍ 2022- 23 ഓടേ അവശേഷിക്കുന്ന ഒരു ലക്ഷം പേരെ തൊഴിലുകള്‍ കൂടി ഒഴിവാക്കാന്‍ കഴിയുമെന്ന് സൈനികനേതൃത്വം കണക്കുകൂട്ടുന്നു.

നിലവില്‍ വിവിധ വിഭാഗങ്ങളായാണ് സേനയുടെ പ്രവര്‍ത്തനം. ആര്‍മി ആസ്ഥാനം, ലോജിസ്റ്റിക്‌സ് യൂണിറ്റ്, കമ്മ്യൂണിക്കേഷന്‍സ്, ഭരണനിര്‍വഹണം തുടങ്ങി വിവിധ വിഭാഗങ്ങളെ പരിഷ്‌കരിക്കാനാണ് ആലോചന. നിലവില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഒരേ പ്രവൃത്തി ചെയ്യാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചിരിക്കുന്ന അവസ്ഥയുണ്ട്.ലോജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇത്തരത്തിലുളള ഓവര്‍ലാപ്പിങ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടാണ് ലയനസാധ്യത മുന്നോട്ടുവെയ്ക്കുന്നത്. ബിഗ്രേഡിയര്‍ റാങ്ക് ഇല്ലായ്മ ചെയ്യാനും നീക്കമുണ്ട്. കരിയര്‍ മുന്നേറ്റത്തിന് ഇത് ഗുണം ചെയ്യുമെന്നാണ് നിഗമനം. കൂടാതെ ഡിവിഷന്‍ ആസ്ഥാനങ്ങളെ ഏകോപിപ്പിക്കാനും പദ്ധതിയുണ്ട്.

അതേസമയം ജീവനക്കാരെ വെട്ടിച്ചുരുക്കുന്ന നടപടിയില്‍ എതിര്‍പ്പുകളും ഉയരുന്നുണ്ട്. സൈനികശേഷിയെ ഇത് കാര്യമായി ബാധിക്കുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുത്തന്‍ സാങ്കേതിക വിദ്യങ്ങള്‍ സേനയില്‍ അവതരിപ്പിക്കാനുളള നീക്കത്തിനും ഇത് തടയിടും. സേനയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 57000 സൈനികരെ പോരാട്ടരംഗത്തേയ്ക്ക് പുനര്‍വിന്യസിക്കണമെന്ന ശുപാര്‍ശ നിലനില്‍ക്കുമ്പോഴാണ് വെട്ടിച്ചുരുക്കലിന് നീക്കം നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com