'ഇതാണ് പെട്രോള്‍ വിലയിലെ സത്യങ്ങള്‍', കണക്കുകള്‍ നിരത്തി ബിജെപി; ട്രോളില്‍ മുക്കി സോഷ്യല്‍മീഡിയ

റെക്കോഡുകള്‍ ഭേദിച്ച് ഇന്ധനവില  കുതിക്കുന്നതിനെതിരെയുളള പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ കണക്കുകള്‍ നിരത്തിയ ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ
'ഇതാണ് പെട്രോള്‍ വിലയിലെ സത്യങ്ങള്‍', കണക്കുകള്‍ നിരത്തി ബിജെപി; ട്രോളില്‍ മുക്കി സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: റെക്കോഡുകള്‍ ഭേദിച്ച് ഇന്ധനവില  കുതിക്കുന്നതിനെതിരെയുളള പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ കണക്കുകള്‍ നിരത്തിയ ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ. മുന്‍ സര്‍ക്കാരിന്റെയും മോദി സര്‍ക്കാരിന്റെയും കാലത്തെ ഇന്ധനവിലയുടെ താരതമ്യ പഠനം നടത്തി  ബിജെപി  ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. റാഫേല്‍ ഉള്‍പ്പെടെ മോദി സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങളെ ആസ്പദമാക്കി കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനത്തില്‍ മുന്‍പന്തിയിലുണ്ട്. 

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ ഭാരത് ബന്ദ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോളിയം ഉല്‍പ്പനങ്ങളുടെ വിലയിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പേരില്‍ ട്വിറ്ററില്‍ രണ്ട് ഗ്രാഫുകള്‍ ബിജെപി പങ്കുവെച്ചത്. ഇതനുസരിച്ച് പെട്രോളിയം ഉല്‍പ്പനങ്ങള്‍ക്ക് ഏറ്റവുമധികം വില വര്‍ധിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എന്ന് സമര്‍ത്ഥിക്കാനാണ് ബിജെപി ശ്രമിച്ചിരിക്കുന്നത്. 2004 മുതല്‍ 2009 വരെയുളള കാലയളവില്‍ പെട്രോള്‍ വിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് പെട്രോളിന്റെ വിലയില്‍ 75 ശതമാനത്തിന്റെ കുത്തനെയുളള വര്‍ധന ഉണ്ടായതായി ഗ്രാഫ് വ്യക്തമാക്കുന്നു. അതേസമയം മോദി സര്‍്ക്കാരിന്റെ കാലത്ത് വിലയിലുളള വര്‍ധന കേവലം 13 ശതമാനം മാത്രമാണ് എന്ന ബിജെപിയുടെ അവകാശവാദമാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രാളിന്റെ വില 80 രൂപ  കടന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ ന്യായീകരണം. ഇതിനെ പരിഹസിച്ചാണ് സാമൂഹ്യമാധ്യമങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

ഡല്‍ഹിയിലെ വിലയുടെ അടിസ്ഥാനത്തിലാണ് ബിജെപി ഗ്രാഫ് തയ്യാറാക്കിയിരിക്കുന്നത്. 2014ല്‍ 56 രൂപ ഉണ്ടായിരുന്ന ഡീസല്‍ വില 72 രൂപയായി ഉയര്‍ന്നതും സോഷ്യല്‍മീഡിയ ഉന്നയിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരുഘട്ടത്തില്‍ ഡീസല്‍വിലയില്‍ 83 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ മോദിയുടെ നാലുവര്‍ഷത്തെ ഭരണകാലത്ത് വില വര്‍ധന കേവലം 28 ശതമാനം മാത്രമാണെന്ന് ബിജെപി അവകാശപ്പെടുന്നു. ഇതും ബിജെപിയെ വിമര്‍ശിക്കാനുളള വടിയായി സോഷ്യല്‍മീഡിയ ഉപയോഗിച്ചു. 

വീണുകിട്ടിയ ആയുധം എന്നപോലെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയുടെ താരതമ്യപഠനത്തെ വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. തെറ്റുതിരുത്തിയ ഗ്രാഫ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പുതിയ പോസ്റ്റുകള്‍ പങ്കുവെച്ചും മറ്റുമാണ്  കോണ്‍ഗ്രസ് ബിജെപിയെ നേരിടുന്നത്. 2014ല്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 107 ഡോളറായിരുന്ന സ്ഥാനത്ത് ഇന്ന് 71 ഡോളറായി താഴ്ന്നു. 34 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബിജെപി സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്ന ഗ്രാഫില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com