ഇന്ത്യയുടെ സമ്പത്തില്‍ പകുതിയും 0.1 ശതമാനത്തിന്റെ കൈയില്‍; അസമത്വം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ആഗോളവല്‍ക്കരണ നയങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട 1980 കള്‍ മുതലാണ് ഇന്ത്യയില്‍ സാമ്പത്തിക അസമത്വം ക്രമാതീതമായി വര്‍ധിച്ചതെന്നും വേള്‍ഡ് ഇന്‍ഇക്വാലിറ്റി ലാബിന്റെ പഠന റിപ്പോര്‍ട്ട്
 ഇന്ത്യയുടെ സമ്പത്തില്‍ പകുതിയും 0.1 ശതമാനത്തിന്റെ കൈയില്‍; അസമത്വം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക അസമത്വം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുകളിലുളള 0.1 ശതമാനം ആളുകളുടെ മൊത്തം സമ്പാദ്യം താഴ്ന്ന വരുമാനപരിധിയില്‍ വരുന്ന 50 ശതമാനം ജനങ്ങളുടെ മൊത്തം സമ്പാദ്യത്തെ മറികടക്കുന്നതാണെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫലത്തില്‍ ചെറിയ ശതമാനം ആളുകള്‍ രാജ്യത്തിന്റെ മൊത്തം സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് കൈവശം വെയ്ക്കുന്നുവെന്ന് സാരം. ആഗോളവല്‍ക്കരണ നയങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട 1980 കള്‍ മുതലാണ് ഇന്ത്യയില്‍ സാമ്പത്തിക അസമത്വം ക്രമാതീതമായി വര്‍ധിച്ചതെന്നും വേള്‍ഡ് ഇന്‍ഇക്വാലിറ്റി ലാബിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ സ്വാതന്ത്ര്യം നേടി ആദ്യ മൂന്നു ദശകങ്ങളില്‍ രാജ്യത്ത് സാമ്പത്തിക അസമത്വം ഗണ്യമായി കുറഞ്ഞിരുന്നു. താഴ്ന്ന വരുമാനപരിധിയില്‍ വരുന്ന 50 ശതമാനം ജനങ്ങളുടെ സമ്പാദ്യം ക്രമാതീതമായി ഉയര്‍ന്നതാണ് ഇതിന് കാരണം. ദേശീയ ശരാശരിയേക്കാള്‍ മുകളിലായിരുന്നു ഈ വരുമാന വര്‍ധന. എന്നാല്‍ പിന്നിടുളള ദശകങ്ങളില്‍ ഇതില്‍ മാറ്റം വന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോളവല്‍ക്കരണ നയങ്ങളാണ് ഇതിന് മുഖ്യ കാരണമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. സാമ്പത്തിക അസമത്വത്തിന്റെ വിപുലമായ ഡേറ്റാ ബേസിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

2014 ലെ റിപ്പോര്‍ട്ട് അനുസരിച്ച് ദേശീയ വരുമാനത്തിന്റെ 22 ശതമാനവും സംഭാവന ചെയ്യുന്നത് രാജ്യത്തെ ഒരു ശതമാനം അതിസമ്പന്നരാണ്. മൊത്തം വരുമാനത്തിന്റെ 56 ശതമാനം രാജ്യത്തെ 10 ശതമാനം ജനങ്ങള്‍ കൈവശം വെച്ചിരിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com