'കോട്ടങ്ങള്‍ തന്നെയാണ് കൂടുതല്‍'- ഡോ. മേരി ജോര്‍ജ് പറയുന്നു

എല്ലാ രാഷ്ട്രീയക്കാരുടെയും കൈയ്യില്‍ അളവില്ലാത്ത കള്ളപ്പണമുണ്ട്. അതുകൊണ്ട് അതിനെതിരെയുള്ള നടപടികളെ അവര്‍ ചെറുത്തുനില്‍ക്കും
'കോട്ടങ്ങള്‍ തന്നെയാണ് കൂടുതല്‍'- ഡോ. മേരി ജോര്‍ജ് പറയുന്നു

നോട്ട് അസാധുവാക്കല്‍ ജനങ്ങളെ പ്രതികൂലമായി ബാധിച്ചതായി സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ്. നോട്ട് അസാധുവാക്കലിനെ പ്രതികൂലിക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. എന്നാല്‍ ജനങ്ങളെ പ്രതികൂലമായി ബാധിച്ച കാര്യങ്ങളാണ് ഇവയില്‍ ഏറെയുമെന്ന് മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഗുണദോഷങ്ങളെകുറിച്ച് സമകാലിക മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

രാഷ്ട്രീയക്കാരാണ് കള്ളപ്പണക്കാര്‍, അവര്‍ ചെറുത്തുതോല്‍പ്പിച്ചു
 

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ആ നടപടിയെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഡോ. മേരി ജോര്‍ജ് പറഞ്ഞു. രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും കൈയ്യിലാണ് കള്ളപ്പണം മുഴുവന്‍. ഇവര്‍ കള്ളപ്പണം തടയാനുള്ള ശ്രമമല്ല, മറിച്ച് അതിന് എതിരായ നീക്കങ്ങളാണ് നടത്തുക. എല്ലാ രാഷ്ട്രീയക്കാരുടെയും കൈയ്യില്‍ അളവില്ലാത്ത കള്ളപ്പണമുണ്ട്. അതുകൊണ്ട് അതിനെതിരെയുള്ള നടപടികളെ അവര്‍ ചെറുത്തുനില്‍ക്കും -മേരി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

മോദി പ്രഖ്യാപനങ്ങളുടെ പ്രധാനമന്ത്രി
 

നോട്ട് അസാധുവാക്കലിന്റെ ദോഷവശങ്ങള്‍ ഹ്രസ്വകാലത്തിനുള്ളിലോ മധ്യകാലത്തോ പരിഹരിക്കണമായിരുന്നു. ജനങ്ങളുടെ പ്രതിനിധിയാകാതെ പ്രഖ്യാപനങ്ങളുടെ പ്രധാനമന്ത്രിയാകുകയാണ് നരേന്ദ്ര മോദി. കൈയ്യിലുണ്ടായിരുന്ന പണം ബാങ്കുകളില്‍ നിക്ഷേപിച്ചതോടെ ജനങ്ങള്‍ ഇന്ധനം ഇല്ലാതായ വാഹനം പോലെയാകുകയായിരുന്നു. 96 ശതമാനം തൊഴിലാളികളും അനൗപചാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. നാമമാത്ര, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നാടാണ് ഇവിടം. നോട്ട് നിരോധനത്തോടെ ഈ മേഖലയിലെ വ്യവസായങ്ങളും വ്യാപാരങ്ങളും സ്തംഭിച്ചുപോയ അവസ്ഥയാണ് ഉണ്ടായത്. ആ അവസ്ഥ ഇപ്പോഴും തുടരുകയാണ്. ഒരുപക്ഷെ ഇതിനകം ഒരു പരിധിവരെയെങ്കിലും ഇത് പരിഹരിക്കപ്പെടുമായിരുന്നു. പക്ഷെ ജൂലൈയില്‍ വന്ന ജിഎസ്ടി ഏല്‍പ്പിച്ച കനത്ത പ്രഹരം മൂലം അനൗപചാരിക രംഗം സതംഭിച്ച അവസ്ഥയില്‍ തന്നെ തുടര്‍ന്നു. തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വരുമാനം ഇല്ലാതെയായി. വാങ്ങല്‍ ശേഷി ഇല്ലാത്തതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ വിലകള്‍ താഴ്ന്ന് നില്‍ക്കുന്നത്. ഉപഭോക്തൃ വില സൂചിക 3.6നും 4.2നും ഇടയില്‍ ചാഞ്ചാടുന്നത് മോദി സര്‍ക്കാരിന്റെ നേട്ടമായാണ് അവര്‍ പറയുന്നത്. പക്ഷെ അത് അങ്ങനെയല്ല. വാങ്ങല്‍ ശേഷി ഉണ്ടെങ്കിലെ ഡിമാന്‍ഡ് ഉണ്ടാവുകയുള്ളു. ഡിമാന്‍ഡ് ഉണ്ടാകുമ്പോഴെ വിപണിയില്‍ വില ഉയരുകയുള്ളു. അങ്ങനെ ഉയരുന്ന വിലകളാണ് വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഉത്തേജനം പകരുന്നത്. ലാഭം കിട്ടും എന്ന വിശ്വാസം ഉണ്ടാവുകയും കൂടുതല്‍ ഉല്‍പാദിപ്പിക്കാനുള്ള ശ്രമം അവര്‍ തുടരുകയും ചെയ്യും. എന്നാല്‍ ഇങ്ങനെയൊരു മാറ്റം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.

ഇതു മാന്ദ്യം തന്നെ
 

'2016ന്റെ അവസാന പാദത്തിലും 2017ലെ കഴിഞ്ഞ മൂന്ന് പാദങ്ങളിലും ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞുവരികയായിരുന്നു. അതിനെ മാന്ദ്യം എന്ന് തന്നെ വിളിക്കുന്നു. കാരണം സാമ്പത്തിക ശാസ്ത്ര ഡിക്ഷ്ണറിയില്‍ രണ്ട് പാദത്തിലൊ അതില്‍ കൂടുതല്‍ കാലയളവിലോ ജിഡിപിയില്‍ കുറവുണ്ടാകുന്നതിനെ മാന്ദ്യം എന്നാണ് പറയുന്നത്. ജിഡിപിയുടെ വളര്‍ച്ച കുറച്ചുകൊണ്ട് ഒരു മാന്ദ്യാവസ്ഥ സംജാതമാക്കിയിരിക്കുകയാണ് നോട്ട് അസാധുവാക്കല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍. ഇത്തരത്തില്‍ ജിഡിപി വളര്‍ച്ച താഴ്ത്തിയ ഡിമോണറ്റൈസേഷന്‍ വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്- ഡോ. മേരി ജോര്‍ജ് പറഞ്ഞു.  

ഡിജിറ്റല്‍വത്കരണം ശരിയായ ദിശയില്‍
 

എന്നാല്‍ നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കിയതിന് ചില നല്ല വശങ്ങള്‍ ഉണ്ടായിരുന്നു എന്നതും വിസ്മരിക്കാനാവില്ലെന്ന് മേരി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍വത്കരണത്തിലൂടെ ഇന്ത്യയിലെ പണം ഇടപാടുകളില്‍ സുതാര്യത കൊണ്ടുവന്നു. അതുപോലെതന്നെ ആധാറുമായി ബന്ധിപ്പിച്ചതോടെ 50,000ലധികം ഇടപാട് നടക്കുന്ന അക്കൗണ്ടുകളെ നികുതി അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കും. ഇതോടെ കള്ളപ്പണം സൂക്ഷിക്കാന്‍ ഇനിയങ്ങോട്ട് ബുദ്ധിമുട്ടാണ്. നോട്ട് അസാധുവാക്കലിന് ശേഷം 99ശതമാനം നോട്ടുകളും തിരിച്ചുവന്നതോടെ കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ശരിതന്നെ. പക്ഷെ മുന്നോട്ട് കള്ളപ്പണത്തിന്റെ ഉദയം, വ്യാപനം എന്നിവ തടയുന്നതാണ് ഡിജിറ്റല്‍വത്കരണത്തിലൂടെയും ആധാറുമായി ബന്ധിപ്പിച്ചതു വഴിയും സംഭവിച്ചിട്ടുള്ളത്.

ഉറവിടത്തിലെ അടി
 

''ഷെല്‍ കമ്പനികളെ വിലയ്‌ക്കെടുത്താണ് കള്ളപ്പണം ഉള്ളവര്‍ ഷെയര്‍ മാര്‍ക്കറ്റിലും മറ്റും നിക്ഷേപം നടത്തുന്നത്. ഇത് കള്ളപ്പണം വെള്ളപ്പണമായി കഴുകിവെളുപ്പിക്കുന്നതിന്റെ ഒരു പ്രധാന മാര്‍ഗമാണ്. 2,40,00ഓളം ഷെല്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും മൂന്ന് ലക്ഷത്തോളം വരുന്ന അവയുടെ ഡയറക്ടര്‍മാരെ പിരിച്ചുവിടുകയുമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇതുവഴി കള്ളപ്പണം വെളുപ്പിക്കാനുളള വലിയ ഉറവിടത്തെയാണ് അമര്‍ച്ച ചെയ്തിരിക്കുന്നത്'.

ജനങ്ങളെ വട്ടിപ്പലിശക്കാരിലേക്കു വിടരുത്‌
 

19 ലക്ഷം ആളുകള്‍ കൂടുതലായി ഇന്‍കം ടാക്‌സ് നെറ്റിലേക്ക് വന്നിട്ടുണ്ട്. ഇതുവഴി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവിലേക്ക് പത്യക്ഷ നികുതി ഇനത്തില്‍ കൂടുതല്‍ പണം വരുകയാണ്. ഇത്തരത്തില്‍ ഖജനാവിലേക്ക് കൂടുതല്‍ പണം വരുമ്പോള്‍ അത് ആരോഗ്യം വിദ്യാഭ്യാസം പോലുള്ള മേഖലയ്ക്കായി പ്രയോജനപ്പെടുത്തണം. ജിഡിപിയുടെ വളരെ തുച്ഛമായ ഭാഗം മാത്രമാണ് ഈ മേഖലകള്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. 8ലക്ഷം കോടി ഹൈവേ നിര്‍മാണത്തിനും രണ്ട് ലക്ഷം കോടി ബാങ്കുകളുടെ മൂലധന ശേഷി വര്‍ധിപ്പിക്കാനുമായി ചെലവഴിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച പാക്കേജില്‍ പറയുന്നുണ്ട്. നിഷ്‌ക്രിയാസ്തി കാരണം ബാങ്കുകള്‍ വായ്പ നല്‍കുന്നത് കുറച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് നടപ്പില്‍ വന്നാല്‍ വായ്പ നല്‍ക്കാന്‍ ബാങ്കുകള്‍ വീണ്ടും തയ്യാറാകും. അല്ലാത്തപക്ഷം വായ്പാവശ്യങ്ങള്‍ക്കായി ആളുകള്‍ ഇപ്പോഴുള്ളതുപോലെ വട്ടിപലിശക്കാരെ ആശ്രയിക്കുന്ന സ്ഥിതി തുടരും. അത് ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് വന്‍ കെടുതിയായിരിക്കും വരുത്തിവയ്ക്കുക - മേരി ജോര്‍ജ് ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com