നോട്ട് നിരോധനം: ജനങ്ങള്‍ മോദിക്കൊപ്പമോ? ദേശീയ മാധ്യമങ്ങളുടെ സര്‍വേ ഫലം ഇങ്ങനെ

50 ശതമാനത്തില്‍ അധികം പേരും നോട്ട് നിരോധനത്തെ അനുകൂലിക്കുന്നുണ്ടെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍
നോട്ട് നിരോധനം: ജനങ്ങള്‍ മോദിക്കൊപ്പമോ? ദേശീയ മാധ്യമങ്ങളുടെ സര്‍വേ ഫലം ഇങ്ങനെ

മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയിട്ട് ഒരാണ്ട് പിന്നിടുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക മാറ്റത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഭൂരിഭാഗം പേരും മോദിയുടെ തീരുമാനത്തെ പിന്തുണക്കുന്നവരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 50 ശതമാനത്തില്‍ അധികം പേരും നോട്ട് നിരോധനത്തെ അനുകൂലിക്കുന്നുണ്ടെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍. ഇക്കോണമിക് ടൈംസിന്റെ സര്‍വേയും മോദിക്ക് അനുകൂലമാണ്. 

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സര്‍വേ അനുസരിച്ച് കള്ളപ്പണം നിയന്ത്രിക്കാന്‍ നോട്ട് നിരോധനം സഹായിച്ചെന്ന് വിലയിരുത്തുന്നത് 46.9 ശതമാനം പേരാണ്. 35.8 ശതമാനം പേര്‍ കള്ളപ്പണം നിയന്ത്രിക്കാനായില്ലെന്ന് വ്യക്തമാക്കി. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചില്ലെന്നാണ് ഭൂരിഭാഗം പേരുടേയും (45.1) അഭിപ്രായം. സമ്പദ് വ്യവസ്ഥ തകരാന്‍ ഇത് കാരണമായെന്ന് 39.1 ശതമാനം പേര്‍ പറഞ്ഞതായും സര്‍വേയില്‍ പറയുന്നു.

നവംബര്‍ എട്ടിന് മുന്‍പ് നോട്ട് നിരോധനത്തെക്കുറിച്ച് ഉന്നതബന്ധമുള്ളവര്‍ക്ക് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് 43.9 ശതമാനം പേരും പറഞ്ഞത്. എന്നാല്‍ 37.1 ശതമാനം അഭിപ്രായപ്പെട്ടത് ഉന്നതബന്ധമുള്ളവര്‍ നോട്ട് നിരോധനത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നാണ്. 2019 ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ഭരണകക്ഷിയായ എന്‍ഡിഎയുടെ പ്രകടനത്തെ നോട്ട് നിരോധനം പ്രതികൂലമായി ബാധിക്കില്ലെന്നാണ് പകുതിയില്‍ അധികം പേരുടേയും (55.6 %) അഭിപ്രായം. 24 ശതമാനം പേര്‍ ഇത് മോശമായി  ബാധിക്കുമെന്ന് അഭിപ്രായപ്പെടുമ്പോള്‍ 12.9 ശതമാനം പേര്‍ പറയുന്നത് ഒരു പരിധി വരെ ബാധിക്കുമെന്നാണ്. 

1000 രൂപയ്ക്ക് പകരം കൊണ്ടുവന്ന 2000 രൂപ ചില്ലറയാക്കിക്കിട്ടുന്നതില്‍ ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ലെന്നും സര്‍വേയില്‍ കണ്ടെത്തി. നോട്ട്‌നിരോധനം ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കാന്‍ കാരണമായെന്ന് ഭൂരിപക്ഷം പേരും വിലയിരുത്തുന്നു. 69.9 ശതമാനം പേരും ഡിജിറ്റല്‍ ഇടപാട് വര്‍ധിച്ചെന്ന് വിലയിരുത്തി. ഡിജിറ്റല്‍ പണമിടപാടിനെക്കുറിച്ച് ഗ്രാമീണ മേഖലയിലേക്ക് അറിവുണ്ടാക്കാന്‍ ഇത് സഹായകമായെന്നും സര്‍വേയില്‍ പറയുന്നു. തൊഴില്‍ മേഖലയില്‍ ഇത് കൂടുതല്‍ ഇടിവുണ്ടാക്കിയിട്ടില്ലെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഭാവിയില്‍ ഇത് ഗുണകരമായി ബാധിക്കുമെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സര്‍വേയില്‍ പറയുന്നു. 

ഇക്കണോമിക്‌സ് ടൈംസ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലും ഭൂരിഭാഗം പേരും മോദിയുടെ കൂടെത്തന്നെയാണ്. നോട്ട് നിരോധനം വിജയകരമാണെന്ന് 38 ശതമാനം പേര്‍ വ്യക്തമാക്കി. 26 ശതമാനം പേര്‍ മാത്രമാണ് നോട്ട് നിരോധനം രാജ്യത്തിന്റെ ദീര്‍ഘകാല സമ്പദ്വവ്യവസ്ഥയില്‍ ക്ഷതം ഏല്‍പ്പിക്കുമെന്ന് പറഞ്ഞത്. നോട്ട് നിരോധനത്തിലൂടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ സുതാര്യമായെന്ന് 32 ശതമാനം പേര്‍ പറയുന്നു. എന്നാല്‍ സമ്പദ്വ്യവസ്ഥ സുതാര്യമായെങ്കിലും ചെറിയ പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് 42 ശതമാനം പേരുടെ അഭിപ്രായം. 

തൊഴില്‍ മേഖലയില്‍ ഇത് കാര്യമായി ബാധിച്ചുവെന്നാണ് ഇക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നോട്ട് നിരോധനം നടപ്പാക്കിയതെന്നാണ് 71 ശതമാനത്തിന്റേയും അഭിപ്രായം. നോട്ട് നിരോധനത്തിലൂടെ ഗവണ്‍മെന്റിന്റെ മുഖം കൂടുതല്‍ മെച്ചപ്പെട്ടെന്നും സര്‍വേയില്‍ വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com