ഇന്‍ഷുറന്‍സ് പോളിസിയും ആധാറുമായി ബന്ധിപ്പിക്കണം 

എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് ഇറക്കി
ഇന്‍ഷുറന്‍സ് പോളിസിയും ആധാറുമായി ബന്ധിപ്പിക്കണം 

എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് ഇറക്കി. ഇന്‍ഷുറന്‍സ് സേവനദാതാക്കള്‍ക്ക് നിരവധി വെല്ലുവിളികള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണ് ഈ ഉത്തരവ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ)യ്ക്ക് അയച്ച സര്‍ക്കുലറിലാണ് ഇത് സംഭന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് എല്ലാ ഇന്‍ഷുറന്‍സ് സേവനദാതാക്കള്‍ക്കും ബാധകമാണ്. 

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ അവസാന ദിവസം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വഴി ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് സുപ്രീം കോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സ് പോളിസികളും ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം വന്നിരിക്കുന്നത്. പോളിസി ഉടമകള്‍ ആധാര്‍, പാന്‍ നമ്പറുകള്‍ സമര്‍പ്പിക്കുന്നതുവരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ ക്ലെയിം ഹോള്‍ഡ് ചെയ്ത് വയ്ക്കുമെന്നതാണ് ഇതിന്റെ അനന്തരഫലം. 

മറ്റൊരു നിര്‍ദ്ദേശത്തിനായി കാത്തുനില്‍ക്കാതെ ഇപ്പോള്‍ വന്നിട്ടുള്ള ഉത്തരവ് നടപ്പില്‍വരുത്തണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിച്ചിട്ടുള്ളതെന്ന് ഐആര്‍ഡിഎഐ അംഗം നിലേഷ് സതെ പറഞ്ഞു. ക്ലെയിം തുകകള്‍ നേരിട്ട് നല്‍കാതെ ബാങ്കുകളിലൂടെ മാത്രം പോളിസി ഉടമകള്‍ക്ക് നല്‍കുക എന്ന നിബന്ധന നേരത്തേ നിലനില്‍ക്കുന്നുണ്ട്. പല ഇന്‍ഷുറന്‍സ് ദാതാക്കളും പാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും 50,000രൂപയ്ക്ക് മുകളിലുള്ള പ്രീമിയത്തിന് മാത്രമേ റഗുലേറ്റര്‍ ഇത് ആവശ്യപ്പെടുന്നൊള്ളു. 

ബാങ്കുകള്‍ സ്വീകരിച്ച അതേ നടപടിക്രമങ്ങള്‍ തന്നെയായിരിക്കും ആധാറുമായി ബന്ധിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളും സ്വീകരിക്കുക. അതായത് പോളിസി ഉടമകള്‍ക്ക് മെസേജിലൂടെയോ ഓണ്‍ലൈനായോ ബ്രാഞ്ചില്‍ നേരിട്ടെത്തിയോ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. 

എന്നാല്‍ വളരെ പെട്ടെന്ന് കൊടുത്തുതീര്‍ക്കേണ്ട പോളിസികളുടെ കാര്യത്തില്‍ അധികാരികളില്‍ നിന്ന് ന്യായമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ബജാജ് അലെയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തപാന്‍ സിങ്കെല്‍ പറഞ്ഞു. ദീര്‍ഘകാലയളവില്‍ നോണ്‍-ലൈഫ് കമ്പനികള്‍ക്ക് ഇത് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ചില വെല്ലുവിളികള്‍ ഉണ്ടെങ്കിലും മുന്നോട്ട് ഇത് പ്രയോജനം ചെയ്യുമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിഥികളുടെ അഭിപ്രായം. പുരോഗമനപരവും യുക്തിപരവുമായ നടപടിയാണെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com