508 കിമീ പിന്നിടാന്‍ മൂന്ന് മണിക്കൂര്‍, വരുന്നൂ ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 

മണിക്കൂറില്‍ 320 കിലോമീറ്റര്‍ വെഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക.
508 കിമീ പിന്നിടാന്‍ മൂന്ന് മണിക്കൂര്‍, വരുന്നൂ ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. പ്രധാനമന്ത്രി മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ചേര്‍ന്ന് അഹമ്മദാബാദില്‍ തറക്കല്ലിടും. മുംബൈയേയും അഹമ്മദാബാദിനേയും ബന്ധിപ്പിച്ചു കൊണ്ട് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ 14നാണ് ആരംഭിക്കുക. 2023ല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ വെഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. മുംബൈ മുതല്‍ അഹമ്മദാബാദ് വരെയുള്ള 508 കിമീ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ ചെലവിന്റെ 88000 കോടി രൂപ ജപ്പാനാണ് ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കുന്നത്. 50 വര്‍ഷം കൊണ്ട് തിരിച്ചടക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനുമായുള്ള കരാര്‍. 15 വര്‍ഷത്തെ ഗ്രേസ് പീരീഡുമുണ്ട്. പ്രതിവര്‍ഷം 0.1 ശതമാനം പലിശ നിരക്കില്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയാണ് നിക്ഷേപം നടത്തുന്നത്. 

പദ്ധതി ഇന്ത്യയില്‍ 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രാഥമിക വിവരം. പദ്ധതി പൂര്‍ത്തീകരിക്കാന്‍ 2023 വരെയാണ് സമയപരിധിയെങ്കിലും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ സ്മരണാര്‍ത്ഥം 2022 ഓഗ്‌സ്ത് 15 മുതല്‍ ബുള്ളറ്റ് ട്രെയിന്‍ മുംബൈഅഹമ്മദാബാദ് സര്‍വ്വീസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ട്രാക്ക് നിര്‍മ്മാണം അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.

ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്താനായി 24 ഹൈസ്പീഡ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യും. രണ്ടാം ഘട്ടപദ്ധതി മുതല്‍ ട്രെയിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ട്രെയിനുകളുടെ യാത്രാദൂരം ഏഴു മണിക്കൂറാണ്. പദ്ധതി യാഥാര്‍ഥ്യമായാല്‍ യാത്രാസമയം രണ്ട് മണിക്കൂറായി കുറയും. 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 12 സ്‌റ്റേഷനുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം ഗുജറാത്തിലും ആറെണ്ണം മഹാരാഷ്ട്രയിലുമാണ്. മുംബൈയിലെ കുര്‍ല കോംപ്ലക്‌സിലെ ഭൂഗര്‍ഭ സ്‌റ്റേഷനില്‍ നിന്നു സര്‍വീസ് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിന്‍ കടലിനടിയിലെ തുരങ്കത്തിലൂടെ 21 കിലോമീറ്റര്‍ യാത്ര ചെയ്തശേഷം താണെയില്‍ ഭൗമോപരിതലത്തിലെത്തി ഓട്ടം തുടരാനാണു പദ്ധതി.

ബുള്ളറ്റ് ട്രെയിനിന്റെ ആകെയുള്ള 508 കിലോമീറ്റില്‍ 27 കിലോമീറ്റര്‍ തുരങ്കപാതയും 13കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുമാണ് ഉണ്ടാവുക. ഏഴ് കിലോമീറ്റര്‍ സമുദ്രത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്ക പാതയിലൂടെയും ബുള്ളറ്റ് ട്രെയിന്‍ കടന്നു പോവും. ദിവസം 70 സര്‍വ്വീസുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. മണിക്കൂറില്‍ 320350 കിലോമീറ്ററാണ് ബുള്ളറ്റ് ട്രെയിനിന്റെ വേഗത. 

അവസാനഘട്ട കണക്കുകൂട്ടല്‍ അനുസരിച്ച് 12 സ്‌റ്റേഷനുകളിലും നിര്‍ത്തിയാല്‍ 2.58 മണിക്കൂര്‍ കൊണ്ട് ബുള്ളറ്റ് ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തും. 
ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇന്ത്യന്‍ ഗതാഗത സംവിധാനത്തെ അപ്പാടെ മാറ്റിയെഴുതുമെന്നും അന്താരാഷ്ട്ര ഗതാഗത സംവിധാനങ്ങളുടെ നിലവാരത്തിലേക്ക് ഇന്ത്യയെ ഉയര്‍ത്തുമെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പ്രതികരിച്ചു. ഏറ്റവും നൂതന സാങ്കേതിക വിദ്യ ഇന്ത്യന്‍ റെയില്‍വേയില്‍ നടപ്പിലാക്കുന്നതു വഴി ഇന്ത്യന്‍ സമ്പദ്ഘടനയിലും അത് വലിയ മാറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com