പെട്രോള്‍ വേണ്ട, പുല്ലിലും കാര്‍ ഓടും;മെഗാ പദ്ധതിയുമായി മോദിസര്‍ക്കാര്‍ 

ജൈവ ഇന്ധന ഗവേഷണത്തില്‍ ബഹുദൂരം മുന്നിലുള്ള ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ വ്യത്യസ്തമായൊരു ആശയം മുന്നോട്ടു വയ്ക്കുകയാണ്.
പെട്രോള്‍ വേണ്ട, പുല്ലിലും കാര്‍ ഓടും;മെഗാ പദ്ധതിയുമായി മോദിസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: സയന്‍സ് ഫിക്ഷന്‍ സിനിമകളെ നിഷ്പ്രഭമാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറങ്ങുന്ന കാലത്തിലുടെയാണ് കടന്നുപോകുന്നത്. ഡീസലും പെട്രോളും കടന്ന് പരിസ്ഥിതി സൗഹൃദമെന്ന കാഴ്ചപ്പാടില്‍ സൗരോര്‍ജ്ജം, പ്രകൃതിവാതകം എന്നിവയിലും ഓടുന്ന വാഹനങ്ങള്‍ നിരത്ത് കീഴടക്കുന്ന സമയം. ഇന്ത്യയും ഇതില്‍ വ്യത്യസ്തമല്ല. വര്‍ധിച്ചുവരുന്ന എണ്ണ ഉപഭോഗം തടയാന്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായുളള തീവ്രമായ അന്വേഷണത്തിലാണ് ഇന്ത്യ. ഇതിനായി മോദി സര്‍ക്കാര്‍ വേണ്ട പരിഗണനയും നല്‍കുന്നുണ്ട്. ഇതില്‍ അനുകൂല ലക്ഷണം കണ്ടുവരുന്നു എന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ജൈവ ഇന്ധന ഗവേഷണത്തില്‍ ബഹുദൂരം മുന്നിലുള്ള ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ വ്യത്യസ്തമായൊരു ആശയം മുന്നോട്ടു വയ്ക്കുകയാണ്.പുല്ല് ഇന്ധനമായി ഉപയോഗിക്കുന്ന കാര്‍. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ സംഗതി സത്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  

രാജ്യത്തെ എണ്ണ ഉപയോഗവും ഇറക്കുമതിയും റെക്കോര്‍ഡ് ഉയരത്തിലാണ്. ഇതിനു പ്രതിവിധിയായി ഇന്ത്യ പുതുതായി കണ്ടുവച്ചിരിക്കുന്നത് ഏറ്റവും വലിയ പുല്ലായ മുളയെയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷണാര്‍ഥം തുടങ്ങുന്ന 'മുള ഇന്ധനം' ക്രമേണ രാജ്യമെമ്പാടും വ്യാപിപ്പിക്കും.

അസം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനി നുമലീഗഡ് റിഫൈനറി ലിമിറ്റഡും ഫിന്നിഷ് ടെക് കമ്പനി ചെംപൊലിസ് ഒയിയും  ഇതിനായി 20 കോടി ഡോളറിന്റെ സംയുക്ത സംരംഭത്തില്‍ ഒപ്പുവച്ചു. അസമില്‍ ധാരാളമുള്ള മുള സംസ്‌കരിച്ചു പ്രതിവര്‍ഷം 60 കോടി ലീറ്റര്‍ എഥനോള്‍ ഉല്‍പാദിപ്പിക്കുകയാണ് ആദ്യപടി. ഇതു നിലവിലെ വാഹന ഇന്ധനവുമായി കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുകയാണു ലക്ഷ്യം. ഇന്ത്യ ആകെ ഉല്‍പാദിപ്പിക്കുന്ന മുളയുടെ മൂന്നില്‍ രണ്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്.

'വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇഷ്ടം പോലെ മുളയുണ്ട്. രാജ്യത്തെവിടെയും വളരുന്നതാണ് മുള. മുളയെ ജൈവ ഇന്ധനമാക്കി മാറ്റുന്നതു രാജ്യത്തിനു വലിയ അവസരങ്ങള്‍ തുറക്കും. ഇന്ത്യയുടെ ഇന്ധന സുരക്ഷയില്‍ മുളയ്ക്കു ശ്രേഷ്ഠ സ്ഥാനം ലഭിക്കും. ഇത് ആദ്യ പരീക്ഷണമാണ്. എന്നാല്‍ സങ്കീര്‍ണതകളില്ലാത്ത പദ്ധതിയാണ്'നുമലീഗഡ് റിഫൈനറി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എസ്.കെ.ബറുവ പറഞ്ഞു.

2022 ഓടേ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ പത്തുശതമാനത്തിന്റെ കുറവ് വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് ലക്ഷ്യം കാണുന്നതിന് 2020 ഓടേ ജൈവഇന്ധന വിപണി 1500 കോടി ഡോളറായി വികസിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന എണ്ണയുടെ 2.1 ശതമാനത്തില്‍ മാത്രമാണ് എഥനോള്‍ ചേര്‍ത്തിരിക്കുന്നത്. ഈ വര്‍ഷം ഇത് 5 ശതമാനമായി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com