ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയുടെ വില കുറയും; പരിഷ്‌കരിച്ച നികുതി നിരക്കുകള്‍ ഇങ്ങനെ

ജിഎസ്ടി നിരക്കില്‍ വരുത്തിയ പരിഷ്‌ക്കരണത്തിലുടെ 7000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍
ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയുടെ വില കുറയും; പരിഷ്‌കരിച്ച നികുതി നിരക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ടിവി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ ഗൃഹോപകരണ സാധനങ്ങളുടെ വില കുറയും. ശനിയാഴ്ച ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെയാണ് ചില ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റംവരുന്നത്. വനിതാ സംഘടനകളുടെ തുടര്‍ച്ചയായ ആവശ്യത്തെ തുടര്‍ന്ന് സാനിറ്ററി നാപ്കിനെ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കി. ജിഎസ്ടി നിരക്കില്‍ വരുത്തിയ പരിഷ്‌ക്കരണത്തിലുടെ 7000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇടത്തരക്കാരെ കണക്കിലെടുത്താണ് ഗൃഹോപകരണങ്ങളുടെ നികുതി കുറച്ചത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

നിരക്ക് കൂടുതലാണെന്ന മുറവിളിയെ തുടര്‍ന്ന് ജനുവരിയില്‍ 29 ഇനങ്ങളുടെ നിരക്ക് ജിഎസ്ടി കൗണ്‍സില്‍ പരിഷ്‌കരിച്ചിരുന്നു.  ഇതിന് മുന്‍പ് 2017 നവംബറില്‍ 200 ഉല്‍പ്പനങ്ങളെ കുറഞ്ഞ നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. 28,18,12 ശതമാനം നികുതി സ്ലാബിന് കീഴില്‍ വന്നിരുന്ന ഉത്പനങ്ങളെയാണ് കുറഞ്ഞ നികുതി സ്ലാബിലേക്ക് മാറ്റി പരിഷ്‌കരിച്ചത്.

നിലവില്‍ 27 ഇഞ്ച് വരെയുള്ള ടി.വി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, വീഡിയോ ഗെയിം, ഇസ്തിരിപ്പെട്ടി, ലിഥിയം ബാറ്ററികള്‍, വാക്വം ക്ലീനര്‍,ഗ്രൈന്‍ഡറുകള്‍,
മിക്‌സറുകള്‍, വാട്ടര്‍ ഹീറ്റര്‍, ഹെയര്‍ ഡ്രൈയര്‍, പെയിന്റ്, വാര്‍ണിഷ്, വാട്ടര്‍കൂളര്‍, സുഗന്ധദ്രവ്യം, ടോയ്‌ലറ്റ് സ്‌പ്രേ, കോസ്‌മെറ്റിക്‌സ്,വാള്‍പുട്ടി, പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ ട്രെയിലറുകള്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്കിലാണ് മാറ്റംവരുത്തിയത്. നേരത്തെ 28% നികുതി ഈടാക്കിയിരുന്ന ഈ ഉത്പന്നങ്ങളെ 18% നികുതി സ്ലാബിലേക്ക് മാറ്റി. 

ഇതിനുപുറമേ, ആയിരം രൂപ വരെയുള്ള ചെരുപ്പുകളുടെ ജിഎസ്ടി 5% ആക്കി. ഹാന്‍ഡ്ബാഗുകള്‍, ആഭരണപ്പെട്ടി, കരകൗശല വസ്തുക്കള്‍, പെയിന്റിങ്ങുകള്‍ക്കായി മരംകൊണ്ട് നിര്‍മിച്ച പെട്ടികള്‍, കൈകൊണ്ട് നിര്‍മിച്ച വിളക്കുകള്‍, അലങ്കാരത്തിനുള്ള ഗ്ലാസ് ഉത്പന്നങ്ങള്‍, മുളകൊണ്ടുള്ള തറനിര്‍മാണ വസ്തുക്കള്‍ എന്നിവയുടെ നികുതി 12% ആക്കി കുറച്ചു.

പുതിയ ജിഎസ്ടി നിരക്കുകള്‍ ജൂലായ് 27 മുതല്‍ നിലവില്‍വരും. സാനിറ്ററി നാപ്കിന്‍, മരത്തിലോ മാര്‍ബിളിലോ നിര്‍മിച്ച വിഗ്രഹങ്ങള്‍, അമൂല്യമായ കല്ലുകള്‍ പതിക്കാത്ത രാഖി, സംസ്‌കരിച്ച പാല്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാനും ശനിയാഴ്ചയിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com