നൂറ് ബില്യണ്‍ ശക്തിയില്‍ ലോകധനികനായി ആമസോണ്‍ മേധാവി ജെഫ് ബെസോസ്; ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി

കഴിഞ്ഞ 12 മാസത്തില്‍ ആമസോണിന്റെ ഓഹരി 59 ശതമാനത്തിന്റെ വര്‍ധനവുണ്ടായതാണ് ബേസോസിന് ഗുണകരമായത്.
നൂറ് ബില്യണ്‍ ശക്തിയില്‍ ലോകധനികനായി ആമസോണ്‍ മേധാവി ജെഫ് ബെസോസ്; ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും ധനികന്‍ എന്ന സ്ഥാനം സ്വന്തമാക്കി ആമസോണ്‍ മേധാവി ജെഫ് ബെസോസ്. ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകശതകോടീശ്വരന്മാരുടെ പട്ടികയിലാണ് ബെസോസ് ഒന്നാം സ്ഥാനം നേടിയത്. ബില്‍ ഗേറ്റ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് ആമസോണ്‍ മേധാവി കുതിപ്പ് നടത്തിയത്. ഏകദേശം 7.15 ലക്ഷം കോടി രൂപയുടെ (110 ബില്യണ്‍ ഡോളര്‍) സ്വത്താണ് ബെസോസിനുള്ളത്. 100 ബില്യണിന് മുകളില്‍ സമ്പാദ്യത്തോടെ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ബെസോസ്.

ഇന്ത്യന്‍ വ്യവസായിയും റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ 19 ാം സ്ഥാനത്താണ്. അദ്ദേഹത്തിന് 2.5 ലക്ഷം കോടി (40 ബില്യന്‍ ഡോളര്‍) സ്വത്താണുള്ളത്. 32000 കോടി രൂപയുടെ (5 ബില്യന്‍ ഡോളര്‍) സ്വത്തുക്കളുമായി ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനത്തില്‍ വന്‍ ഇടിവാണുണ്ടായത്. മുന്‍പത്തെ പട്ടികയില്‍ 544 ാം സ്ഥാനത്തായിരുന്ന ട്രംപ് ഇപ്പോള്‍ 766 ാം സ്ഥാനത്താണ്. 

കഴിഞ്ഞ 12 മാസത്തില്‍ ആമസോണിന്റെ ഓഹരി 59 ശതമാനത്തിന്റെ വര്‍ധനവുണ്ടായതാണ് ബേസോസിന് ഗുണകരമായത്. ആമസോണിനെക്കൂടാതെ ബ്ലൂ ഒറിജിന്‍ എന്ന റോക്കറ്റ് ബിസിനസും വാഷിങ്ടണ്‍ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്.

രണ്ടാം സ്ഥാനത്തുള്ള ബില്‍ ഗേറ്റ്‌സിന് 90 ബില്യണ്‍ ഡോളര്‍ ആസ്ഥിയാണുള്ളത്.  നിക്ഷേപഗുരു വാറന്‍ ബഫറ്റ് (84 ബില്യന്‍ ഡോളര്‍) മൂന്നാമതും ബെര്‍നാട് അര്‍നോള്‍ട്ടും കുടുംബവും (72 ബില്യന്‍ ഡോളര്‍) നാലാം സ്ഥാനത്തും ഫെയ്‌സ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് (71 ബില്യന്‍ ഡോളര്‍) അഞ്ചാം സ്ഥാനത്തുമാണ്. 

പട്ടികയില്‍ ഇടം നേടിയവരില്‍ ഭുരിഭാഗവും പുരുഷന്മാരാണെങ്കിലും സ്ത്രീകളുടെ എണ്ണവും കുറവല്ല. 16 ാം സ്ഥാനത്തുള്ള വാള്‍മാര്‍ട്ട് ശൃംഖലയുടെ മേധാവി ആലിസ് വാള്‍ട്ടനാണ് (46 ബില്യണ്‍ ഡോളര്‍) ആദ്യ സ്ഥാനത്ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com