ഇനി പമ്പില്‍ പെട്രോളിനും കടം പറയാം. എങ്ങനെ? 

ഒടിപി അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി പ്രവര്‍ത്തിക്കുന്ന ഈ വായ്പാ സംവിധാനം ക്രെഡിറ്റ് തുക തിരിച്ചടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് 15മുതല്‍ 30ദിവസം വരെ സമയം അനുവദിക്കും
ഇനി പമ്പില്‍ പെട്രോളിനും കടം പറയാം. എങ്ങനെ? 

ദിവസേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍ ഡീസല്‍ വില കേട്ട് ആകുലപ്പെടുന്നവര്‍ക്ക് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കുറച്ചൊന്ന് ആശ്വസിക്കാം. പെട്രോളും ഡീസലും വായ്പയായി ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ശ്രീറാം ട്രാസ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ഇന്ധനം വായ്പാടിസ്ഥാനത്തില്‍ നല്‍കുന്നതിന് കമ്പനി തുടക്കംകുറിക്കുന്നത്. ഡിജിറ്റല്‍ മാര്‍ഗമായിരിക്കും ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുക. 

വായ്പയായി ഇന്ധനം ലഭ്യമാക്കുന്നതു സംബന്ധിച്ച എംഒയു ഇരുകമ്പനികളും ഒപ്പിട്ടുകഴിഞ്ഞു. ഒടിപി അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി പ്രവര്‍ത്തിക്കുന്ന ഈ വായ്പാ സംവിധാനം ക്രെഡിറ്റ് തുക തിരിച്ചടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് 15മുതല്‍ 30ദിവസം വരെ സമയം അനുവദിക്കും. ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. 

സര്‍വകാല റെക്കോഡ് പിന്നിട്ട കുതിക്കുന്ന സംസ്ഥാനത്തെ ഇന്ധന വിലയില്‍ വരും ദിവസങ്ങളില്‍ അഞ്ചു രൂപയുടെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന എണ്ണകമ്പനികളുടെ സൂചനയ്ക്ക് പിന്നാലെ ഇന്ധനം വായ്പയായി നല്‍കാമെന്ന ഈ തീരുമാനം ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. എട്ട് ദിവസത്തിനുള്ളില്‍ പെട്രോളിനും ഡീസലിനും കൂടിയത് രണ്ട് രൂപയിലധികമായിരുന്നു. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 80.69 രൂപയും, ഡീസല്‍ വില ലിറ്ററിന് 73.61 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 79.29, ഡീസലിന് 71.95 എന്നിങ്ങനേയും കോഴിക്കോട് പെട്രോളിന് 79.39, ഡീസലിന് 72.55 എന്നിങ്ങനേയുമാണ് വില വര്‍ധിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com