ഇന്ധന നികുതി കുറയ്ക്കില്ല; 30,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കേന്ദ്രം, ധനകമ്മി ഉയരും, രൂപയുടെ മൂല്യം വീണ്ടും ഇടിയും 

ഒരു ലിറ്ററില്‍ ചുമത്തുന്ന എക്‌സൈസ് തീരുവയില്‍ കേവലം രണ്ടു രൂപ കുറച്ചാല്‍ തന്നെ മൊത്തം 30,000 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് കേന്ദ്രം കണക്കുകള്‍ നിരത്തുന്നു
ഇന്ധന നികുതി കുറയ്ക്കില്ല; 30,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കേന്ദ്രം, ധനകമ്മി ഉയരും, രൂപയുടെ മൂല്യം വീണ്ടും ഇടിയും 

ന്യൂഡല്‍ഹി: തുടര്‍ച്ചയായുളള ഇന്ധന വില വര്‍ധനയ്‌ക്കെതിരായുളള രാജ്യവ്യാപക പ്രതിഷേധത്തെ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കി. എക്‌സൈസ് തീരുവ കുറച്ചാല്‍ സര്‍ക്കാരിന്റെ വരുമാനം കുറയും. ഇത് ധനകമ്മി ഉയരാനും രൂപയുടെ മൂല്യം വീണ്ടും ഇടിയാനും കാരണമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

റെക്കോഡുകള്‍ ഭേദിച്ച് ഇന്ധനവില മേല്‍പ്പോട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ ഇന്നലെ രാജ്യവ്യാപകമായി ബന്ദ് ആചരിച്ചിരുന്നു. ജനങ്ങളുടെ ദുരിതം അകറ്റാന്‍ എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം. ഇതിനിടെ രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങള്‍ പെട്രോളിയം ഉല്‍പ്പനങ്ങള്‍ക്കുളള വാറ്റ് വെട്ടിച്ചുരുക്കി ജനങ്ങള്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്ന നടപടി സ്വീകരിച്ചിരുന്നു. ഇത്തരത്തില്‍ വിവിധ തലങ്ങളില്‍ നിന്ന് ശക്തമായ സമ്മര്‍ദം ഉയര്‍ന്നിട്ടും  പ്രതിഷേധങ്ങളെ പാടേ തളളുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 

വികസനപ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കും ഫണ്ട് അനിവാര്യമാണ്. അതിനാല്‍ എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഒരു ലിറ്ററില്‍ ചുമത്തുന്ന എക്‌സൈസ് തീരുവയില്‍ കേവലം രണ്ടു രൂപ കുറച്ചാല്‍ തന്നെ മൊത്തം 30,000 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് കേന്ദ്രം കണക്കുകള്‍ നിരത്തുന്നു.കേന്ദ്രം പിരിക്കുന്ന നികുതിയുടെ 40 ശതമാനം സംസ്ഥാനങ്ങള്‍ക്കാണ് കൈമാറുന്നത്. അതുകൊണ്ട് കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചാല്‍ രാജ്യത്തെ ഒന്നടങ്കം ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

രാജ്യത്ത് വില്‍ക്കുന്ന പെട്രോള്‍ വിലയില്‍ 46 ശതമാനവും നികുതിയാണ്. ദക്ഷിണേഷ്യയില്‍ ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യം ഇന്ത്യയാണ്. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതിന് അനുസരിച്ച് നികുതി ഉയരുന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നത്. നികുതിയ്ക്ക് നിശ്ചിത നിരക്ക് നിശ്ചയിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ കാലങ്ങള്‍ക്ക് മു്ന്‍പെ തളളിയതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com