വാറ്റ് 69 ഉും സ്മിര്‍നോഫ് വോഡ്കയും മദ്യശാലകളില്‍ കിട്ടില്ല; വിലക്കേര്‍പ്പെടുത്തി ഡല്‍ഹി

വ്യാജ ബാര്‍കോഡ് ഉപയോഗിച്ചതിന്റെ പേരില്‍ നിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് വില്‍പ്പന നിര്‍ത്താന്‍ കാരണമായത്
വാറ്റ് 69 ഉും സ്മിര്‍നോഫ് വോഡ്കയും മദ്യശാലകളില്‍ കിട്ടില്ല; വിലക്കേര്‍പ്പെടുത്തി ഡല്‍ഹി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ മദ്യ ശാലകളില്‍ നിന്ന് വാറ്റ് 69 ന്റേയും സ്മിര്‍നോഫ് വോഡ്കയുടേയും വില്‍പ്പനയ്ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. വ്യാജ ബാര്‍കോഡ് ഉപയോഗിച്ചതിന്റെ പേരില്‍ നിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് വില്‍പ്പന നിര്‍ത്താന്‍ കാരണമായത്. ഡല്‍ഹി ഗവണ്‍മെന്റ് ഫിനാന്‍ഷ്യല്‍ കമ്മീഷ്ണറുടെയാണ് തീരുമാനം. 

വളരെ എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാവുന്ന തരത്തിലുള്ള അനധികൃതമായ ബാര്‍കോഡ് ഉപയോഗിച്ചതിലൂടെ കമ്പനി ഡല്‍ഹി എക്‌സൈസ് ആക്റ്റും ഡല്‍ഹി എക്‌സൈസ് റൂള്‍സും ലംഘിച്ചുവെന്നും അതിനാലാണ് നടപടിയെന്നും ഫിനാന്‍ഷ്യല്‍ കമ്മിഷ്ണര്‍ അനിന്‍ഡോ മജുംദാര്‍ പറഞ്ഞു. യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ഡല്‍ഹി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കമ്പനിയുടെ അപ്പീലിലാണ് നടപടി. ഉത്തരവ് ഇറങ്ങുന്നതോടെ ഡല്‍ഹിയില്‍ ഈ രണ്ട് ബ്രാന്റുകള്‍ വില്‍ക്കുന്നതിന് വിലക്ക് നിലവില്‍ വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി തയാറായിട്ടില്ല. 

2017 മേയ് 22 നാണ് രണ്ട് മദ്യബ്രാന്‍ഡുകളേയും മൂന്ന് വര്‍ഷത്തേക്ക് വിലക്കിക്കൊണ്ട് ഉത്തരവിടുന്നത്. എന്നാല്‍ ഉത്തരവിനെതിരേ കമ്പനി ഫിനാന്‍ഷ്യല്‍ കമ്മീഷ്ണറെ സമീപിച്ചു. വിലക്ക് നീങ്ങുന്നതുവരെ രണ്ട് ലിക്കര്‍ ബ്രാന്‍ഡിനും ഡല്‍ഹിയില്‍ കിട്ടാനാവില്ല എന്നാണ് അധികൃതര്‍ പറയുന്നത്. അനധികൃത ബാര്‍കോഡുകള്‍ ഉപയോഗിക്കുന്നത് അനാവശ്യമായി ഉപയോഗിക്കാന്‍ കാരണമാകുമെന്നും ഇത് ജനാരോഗ്യത്തിന് വെല്ലുവിളിയാകുമെന്നും മദ്യത്തിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ഫിനാന്‍ഷ്യല്‍ കമ്മീഷ്ണല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com