രക്തം പുരണ്ട ഇമോജികള്‍ മുതല്‍ ആര്‍ത്തവ ചിത്രങ്ങള്‍ വരെ; ആര്‍ത്തവത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ ലോകത്തെ മാറ്റുകയാണ്

ഒളിച്ചുവെക്കേണ്ട ഒന്നല്ല ആര്‍ത്തവം എന്ന ചിന്തയില്‍ നിന്ന് ഇതിനെ പൊളിച്ചടുക്കാനായി സ്ത്രീകള്‍ തന്നെ മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്
രക്തം പുരണ്ട ഇമോജികള്‍ മുതല്‍ ആര്‍ത്തവ ചിത്രങ്ങള്‍ വരെ; ആര്‍ത്തവത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ ലോകത്തെ മാറ്റുകയാണ്

ര്‍ത്തവം എന്ന വാക്ക് ഉച്ഛരിക്കാന്‍ തന്നെ മടിക്കുന്നവരാണ് ഭൂരിഭാഗം വരുന്ന സ്ത്രീകളും. പുറത്തേക്കൊഴുകുന്ന രക്തത്തുള്ളികളെ എന്നും രഹസ്യമാക്കി വെക്കണമെന്ന ചിന്ത ഇന്നും ശക്തമായി സ്ത്രീകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഒളിച്ചുവെക്കേണ്ട ഒന്നല്ല ആര്‍ത്തവം എന്ന ചിന്തയില്‍ നിന്ന് ഇതിനെ പൊളിച്ചടുക്കാനായി സ്ത്രീകള്‍ തന്നെ മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. ആര്‍ത്തവകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടാണ് മെന്‍സ്ട്രല്‍ ആക്റ്റിവിസത്തിന് ഇവര്‍ പങ്കാളികളാകുന്നത്. ആര്‍ത്തവ ഇമോജികള്‍ മുതല്‍ രക്തം പുരണ്ട വസ്ത്രങ്ങളുടെ ചിത്രങ്ങള്‍വരെ ആര്‍ത്തവകാലത്തെക്കുറിച്ച് പറയാന്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നുണ്ട്. 

ആര്‍ത്തവത്തിന്റെ പേരില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെടുന്ന സമൂഹിക വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണ് ഈ രക്തം പുരണ്ട ചിത്രങ്ങള്‍. ആര്‍ത്തവം വരുന്ന സമയം മനസിലാക്കാനായി പിരിയഡ് ട്രോക്കര്‍ ആപ്പ് വരെ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ശരീരത്തിന്റെ വിവിധ ഘട്ടങ്ങള്‍ മനസിലാക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായകമാകും. ഒളിച്ചുവെക്കേണ്ട ഒന്നല്ല ആര്‍ത്തവം എന്ന് സമൂഹത്തിനെ മനസിലാക്കിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗണ് ഇവയെല്ലാം. 

പെണ്‍ശരീരത്തില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനം മാത്രമാണ് ഇതെന്നും ഇതിനെക്കുറിച്ച് തുറന്ന ചര്‍ച്ചടത്തുകയാണ് വേണ്ടതെന്നും പ്ലാന്‍ ഇന്റര്‍നാഷണലിലെ വൈവന്‍ സാവി വ്യക്തമാക്കി. പരിയഡ്‌സിന് പറ്റിയ ഇമോജി കണ്ടെത്താന്‍ ഈ വര്‍ഷം ആദ്യം മത്സരം നടത്തിയത് പ്ലാന്‍ ഇന്റര്‍നാഷണലാണ്. അടിവസ്ത്രത്തില്‍ രണ്ട് തുള്ളി രക്തത്തുള്ളികളുള്ളതിനെയാണ് ആര്‍ത്തവ ഇമോജിയായി തെരഞ്ഞെടുത്തത്. 

ആര്‍ത്തവം സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയായത് വളരെ അപ്രതീക്ഷിതമായാണ്. കനേഡിയന്‍ കവിയത്രി റൂപി കൗറിന്റെ ആര്‍ത്തവ രക്തം കാണുന്ന രണ്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം നീക്കിയതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെതിരേ വന്‍ പ്രതിഷേധമാണ് നടന്നത്. ആര്‍ത്തവ രക്തം പതിഞ്ഞ പാന്റും ബെഡ്ഷീറ്റുമാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇതിനെതിരേ പ്രതിഷേധിച്ച കൗറിന്റെ നിലപാടിന് 1.8 മില്യണ്‍ വരുന്ന ഇവരുടെ ഫോളോവേഴ്‌സ് പ്രശംസിച്ചിരുന്നു. അടിവസ്ത്രത്തില്‍ എന്റെ ശരീരത്തെ കാണാം എന്നാല്‍ ഒരു ചെറിയ ചോര്‍ച്ചയുണ്ടായാല്‍ അത് അംഗീകരിക്കാനാവില്ല എന്ന് ചിത്രം നീക്കം ചെയ്ത നടപടിക്കെതിരേ അവര്‍ കുറിച്ചു.  

ആര്‍ത്തവ രക്തവുമായി ലണ്ടന്‍ മാരത്തോണ്‍ ഓടിത്തീര്‍ത്ത അമേരിക്കന്‍ സംഗീതജ്ഞ കിരണ്‍ ഗാന്ധിയുടെ ചിത്രങ്ങളും വൈറലായിരുന്നു. 'നാണക്കേടിനെ' മറികടക്കാന്‍ അവരെടുത്ത തീരുമാനത്തെ നിരവധി പേരാണ് പ്രശംസിച്ചത്. എന്നാല്‍ ഭൂരിഭാഗം വരുന്ന സ്ത്രീകളും ഇപ്പോഴും ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കാന്‍ മടികാണിക്കുന്നുണ്ട്. ഇന്ത്യയിലും ആഫ്രിക്കയിലുമെല്ലാം ആര്‍ത്തവത്തിന് പിന്നിലുള്ള മിത്തുകളെ പിന്തള്ളാനും തയാറാകുന്നില്ല. 

സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ ഇല്ലാത്തതിനാല്‍ ആര്‍ത്തവ കാലത്ത് ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാതിരിക്കേണ്ടി വരുന്നതായും സാവി വ്യക്തമാക്കി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നീക്കാന്‍ തുറന്ന ചര്‍ച്ചകള്‍ സഹായിക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം. ആര്‍ത്തവത്തെക്കുറിച്ചുള്ള അജ്ഞത അകറ്റിയാല്‍ ഒരു പരിധിവരെ ഇത്തരം അവസ്ഥ ഇല്ലാതാക്കാനാവും. ഇതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com