വെറും ഗൗണല്ല, സോഷ്യല്‍ മീഡിയ കണ്ടെത്തിയൊരു വെഡ്ഡിങ് ഗൗണ്‍

150 വര്‍ഷം പഴക്കമുള്ള വെഡ്ഡിങ് ഗൗണ്‍ വധു സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തി 
വെറും ഗൗണല്ല, സോഷ്യല്‍ മീഡിയ കണ്ടെത്തിയൊരു വെഡ്ഡിങ് ഗൗണ്‍

വിവാഹ സമയത്ത് ധരിക്കേണ്ട വസ്ത്രങ്ങളെ സംബന്ധിച്ച് പെണ്‍കുട്ടികള്‍ക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടാകും. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹുര്‍ത്തമായതുകൊണ്ടുതന്നെ ആ സമയത്ത് ധരിക്കേണ്ട വസ്ത്രത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറാകില്ല. ഓരോ സംസ്‌കാരത്തിനനുസരിച്ചും വിവാഹ വസ്ത്രധാരണത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. ഏറെ ഭംഗിയുള്ളത്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രത്യേകതകള്‍ നിറഞ്ഞതുമായ വസ്ത്രങ്ങളായിരിക്കും വിവാഹ ദിനത്തിനായി പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുക. 

പരമ്പരാഗതമായി കൈമാറ്റം ചെയ്തു വന്ന വിവാഹ വസ്ത്രം അണിയുന്നതിലും നിരവധിപേര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അങ്ങിനെയൊരു പരമ്പരാഗത വിവാഹ വസ്ത്രത്തിന്റെ കഥയാണ് സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും വരുന്നത്. പത്തും ഇരുപതുമല്ല, 150 വര്‍ഷത്തിലേറെ പഴക്കമുള്ള വിവാഹ വസ്ത്രമായിരുന്നു അത്. നഷ്ടപ്പെട്ടുപോയ വെഡ്ഡിങ് ഗൗണ്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വധു കണ്ടെത്തുകയായിരുന്നു. 

2016 ജൂണിലായിരുന്നു മുതുമുതു മുത്തശ്ശിയുടെ വിവാഹ വസ്ത്രം അണിഞ്ഞ് ടെസ് ന്യൂവെല്ലിന്റെ വിവാഹം. വിവാഹത്തിന് ശേഷം വെഡ്ഡിങ് ഗൗണ്‍ എഡിന്‍ബര്‍ഗിലെ ക്ലീന്‍ ക്ലീനേഴ്‌സ് എന്ന ഡ്രൈക്ലീനിങ് സെന്ററില്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഡ്രൈക്ലീനിങ് സെന്റര്‍ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെ വര്‍ഷങ്ങളെ അതിജീവിച്ച വെഡ്ഡിങ് ഗൗണ്‍ ടെസിന് നഷ്ടപ്പെട്ടു. തന്റെ പ്രിയപ്പെട്ട വെഡ്ഡിങ് ഗൗണ്‍ കണ്ടെത്തുന്നതിലായിരുന്നു പിന്നീടെ ടെസിന്റെ ശ്രമം. 

അന്വേഷണങ്ങള്‍ വഴിമുട്ടിയപ്പോള്‍ സോഷ്യല്‍ മീഡിയ ടെസിന്റെ രക്ഷക്കെത്തുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള വെഡ്ഡിങ് ഗൗണ്‍ കാണാതായതായുള്ള ടെസിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റ് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ തവണയാണ് ഷെയര്‍ ചെയതു പോയത്. ഒടുവില്‍ അടച്ചുപൂട്ടിയ ഡ്രൈക്ലീനിങ് സെന്ററിന്റെ ഉടമയുടെ ബന്ധു ഇന്‍സ്റ്റഗ്രാമിലെ ടെസിന്റെ പോസ്റ്റ് കണ്ടതോടെയാണ് കൈകൊണ്ടു നെയ്ത വെഡ്ഡിങ് ഗൗണ്‍ തിരിച്ച് ടെസിന്റെ കൈകളിലേക്കെത്തുന്നത്. 

ഡ്രൈക്ലീനിങ് സെന്ററില്‍ കുമിഞ്ഞുകൂടിക്കിടന്നിരുന്ന വസ്ത്രങ്ങളുടെ കൂട്ടത്തില്‍ നിന്നും വെഡ്ഡിങ് ഗൗണ്‍ കണ്ടുകിട്ടിയതായി ടെസ് പിന്നീട് സോഷ്യല്‍  മീഡിയയിലൂടെ തന്റെ സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഏതെങ്കിലും ഡ്രൈ്ക്ലീനിങ് സെന്ററില്‍ തന്റെ പ്രിയപ്പെട്ട വെഡ്ഡിങ് ഗൗണ്‍ ഇനി കൊടുക്കില്ലെന്നും, നന്നായി അന്വേഷിച്ചതിന് ശേഷം, പരമ്പരാഗത വസ്ത്രങ്ങളില്‍ വിദഗ്ദരായവരയേ ഇനി സമീപിക്കുകയുള്ളുവെന്നും ടെസ് പറയുന്നു. 1870ല്‍ തന്റെ മുതുമുത്തശ്ശിയണിഞ്ഞ വെഡ്ഡിങ് ഗൗണ്‍ വരും തലമുറയ്ക്കുമായി സൂക്ഷിക്കുകയാണ് ടെസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com