മൃതദേഹം മറവ് ചെയ്യാതെ 12 ദിവസം; മകന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയോടെ പ്രാര്‍ത്ഥനയുമായി ബിഷപ് 

കാന്‍സര്‍ ബാധിതനായി മരിച്ച 17 വയസുകാരന്റെ മൃതശരീരമാണ് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അച്ഛന്‍ സൂക്ഷിച്ചുവെച്ചത്
മൃതദേഹം മറവ് ചെയ്യാതെ 12 ദിവസം; മകന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയോടെ പ്രാര്‍ത്ഥനയുമായി ബിഷപ് 

മുംബൈ: മൂന്നാം നാള്‍ യേശു ഉയിര്‍ത്തെഴുന്നേറ്റതുപോലെ തന്റെ മകനും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് ബിഷപ്പായ അച്ഛന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നത് 12 ദിവസം. കാന്‍സര്‍ ബാധിതനായി മരിച്ച 17 വയസുകാരന്റെ മൃതശരീരമാണ് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അച്ഛന്‍ സൂക്ഷിച്ചുവെച്ചത്. പൊലീസിന്റെ തുടര്‍ച്ചയായ ഇടപെടലിനെത്തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം മറവ് ചെയ്തു. 

ഒക്‌റ്റോബര്‍ 27 നാണ് കുട്ടി മരിക്കുന്നത്. അന്നുമുതല്‍ ബിഷപ് ഒക്‌റ്റോവിയോ നെവിസ് മകന്റെ മൃതദേഹം ശീതീകരിച്ച ഗ്ലാസ് ബോക്‌സില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മകനെ തിരിച്ചുകൊണ്ടുവരാനായി പ്രാര്‍ത്ഥനകളുമായി കഴിച്ചുകൂട്ടുകയായിരുന്നു അദ്ദേഹം. മുന്‍പ് രണ്ട് തവണ കുട്ടി മരിച്ചതായി ഡോക്റ്റര്‍മാര്‍ വിധി എഴുതിയിരുന്നു. എന്നാല്‍ ഡോക്റ്റര്‍മാരുടെ നിഗമനങ്ങളെ തള്ളിക്കൊണ്ട് മെഷക് ജീവനോടെ തിരിച്ച് വന്നതിന്റെ പ്രതീക്ഷയിലായിരുന്നു പ്രാര്‍ത്ഥന നടത്തി കാത്തിരുന്നതെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. 

ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ മെഷക്കിനെ തിരിച്ചുകിട്ടുമെന്ന് ബിഷപ്പിന്റെ കുടുംബം വിശ്വസിച്ചിരുന്നു. കുട്ടി മരിച്ചതിന് ശേഷം മൃതദേശം അഴുകാതിരിക്കാന്‍ എംബാം ചെയ്ത് ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ 12 ദിവസമായി കുടുംബത്തോടൊപ്പം മകന്റെ മടങ്ങിവരവിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു ബിഷപ്പും കുടുംബവും. 

കുട്ടിയുടെ ശരീരം ആദ്യം എത്തിച്ചത് മുംബൈയിലെ വീട്ടിലാണ്. അസ്വഭാവികമായി നടക്കുന്ന പ്രാര്‍ത്ഥനകള്‍ കണ്ടതിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം അയല്‍ വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. വിവരം അന്വേഷിക്കാന്‍ പൊലീസ് എത്തിയതോടെ കുട്ടിയുടെ മൃതദേഹം മുംബൈയിലെ നാഗ്പാഡയിലുള്ള ഒക്‌റ്റോവിയോയുടെ ജീസസ് ഫോര്‍ ഓള്‍ നേഷന്‍സ് ചര്‍ച്ചില്‍ എത്തിച്ചു. വീണ്ടും നാല് ദിവസം ഇവിടെ പ്രാര്‍ത്ഥനകള്‍ തുടര്‍ന്നു. കുട്ടിയുടെ സംസ്‌കാരത്തെക്കുറിച്ച് ചോദിച്ച് വീണ്ടും പൊലീസ് എത്തിയതോടെ മൃതശരീരം അംബര്‍നാഥിലേക്ക് മാറ്റി. 

അഞ്ച് ദിവസത്തിന് ശേഷം വീണ്ടും പൊലീസ് എത്തി കാര്യത്തിന്റെ ഗൗരവും വീട്ടുകാരോട് പറഞ്ഞ് മനസിലാക്കുകയായിരുന്നു. സംസ്‌കാരം നടത്തിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് കുട്ടിക്ക് അന്ത്യകൂതാശ നല്‍കാന്‍ ബിഷപ്പ് തയാറായത്. അന്തവിശ്വാസത്തെ പ്രോത്സാഹിപ്പിച്ചതിന്റെ പേരില്‍ ഡോ. നരേന്ദ്ര ധബോല്‍ക്കറിന്റെ അന്ധസ്രദ നിര്‍മൂലന്‍ സമിതി ബിഷപ്പിനെതിരേ കേസ് കൊടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com