'കാമാസക്തി ഉത്തേജിപ്പിക്കുന്നു'; ആല്‍ബം വൈറലായതിന് പിന്നാലെ ഈജിപ്ഷ്യന്‍ ഗായിക അറസ്റ്റില്‍ 

ഐ ഹാവ് ഇഷ്യൂസ് എന്ന പേരില്‍ പുറത്തിറക്കിയ സംഗീത ആല്‍ബമാണ് വിവാദമായത്
'കാമാസക്തി ഉത്തേജിപ്പിക്കുന്നു'; ആല്‍ബം വൈറലായതിന് പിന്നാലെ ഈജിപ്ഷ്യന്‍ ഗായിക അറസ്റ്റില്‍ 

കെയ്‌റോ : സദാചാരത്തിന് നിരക്കാത്ത തരത്തില്‍ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ച് ഈജിപ്ഷ്യന്‍ യുവ പോപ് ഗായികയെ അറസ്റ്റ് ചെയ്തു. ഷൈമ ആന്‍ഡി സോറൂഫ് എന്ന യുവഗായികയാണ് അറസ്റ്റിലായത്. ഐ ഹാവ് ഇഷ്യൂസ് എന്ന പേരില്‍ പുറത്തിറക്കിയ സംഗീത ആല്‍ബമാണ് വിവാദമായത്. ഒരു ക്ലാസില്‍ ഒരു പറ്റം യുവാക്കള്‍ക്ക് ക്ലാസെടുക്കുന്ന വിധത്തിലാണ് ആല്‍ബം ചിത്രീകരിച്ചിട്ടുള്ളത്. 

ഗ്ലാമറസായി വസ്ത്രം ധരിച്ച ഗായിക ഏത്തപ്പഴവും ആപ്പിളും കഴിക്കുന്നത് വീഡിയോയിലുണ്ട്. ഇതെല്ലാം ദുരുദ്ദേശപരമാണെന്നും, കാമോദ്ദീപനപരം ആണെന്നുമാണ് അധികൃതരുടെ വാദം. റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ആല്‍ബം വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആല്‍ബത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് പരാതിയും ഉയര്‍ന്നു. 

ആല്‍ബം യുവാക്കളെ വഴി തെറ്റിക്കുന്നതും, രാജ്യത്തെ സദാചാര മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നുമായിരുന്നു ആരോപണം. ആല്‍ബം വിവാദമായതിന് പിന്നാലെ ഷൈമ ക്ഷമാപണക്കുറിപ്പ് ഇറക്കിയെങ്കിലും രക്ഷയായില്ല. സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് 21 കാരിയായ ഗായികയെ അധികൃതര്‍ അറസ്റ്റ് ചെയ്തു. ആല്‍ബത്തിന്റെ സംവിധായകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സദാചാര മൂല്യങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തി എന്ന കുറ്റത്തിന് പരമാവധി ഒരു വര്‍ഷം തടവുശിക്ഷ ഷൈമയ്ക്ക് ലഭിച്ചേക്കുമെന്നാണ് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കി എന്ന കുറ്റത്തിന് മൂന്നു വര്‍ഷം തടവും ശിക്ഷ ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com