കൊച്ചി കാണാനിറങ്ങിയ പെരുമ്പാമ്പ് ട്രാന്‍സ്‌ഫോര്‍മറില്‍ കുടുങ്ങി; മണിക്കൂറുകള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പിനെ പുറത്തെത്തിച്ചത്
കൊച്ചി കാണാനിറങ്ങിയ പെരുമ്പാമ്പ് ട്രാന്‍സ്‌ഫോര്‍മറില്‍ കുടുങ്ങി; മണിക്കൂറുകള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി

കൊച്ചി; നഗരത്തിലെ ബിവ്‌റേജസ് ഔട്ട്‌ലെറ്റിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. കടവന്ത്ര പൊന്നുരുന്നി- വൈറ്റില ബെവ്‌റേജസ് ഒട്ട്‌ലെറ്റിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിന് ഇടയിലാണ് വമ്പന്‍ പെരുമ്പാമ്പ് കുടുങ്ങിപ്പോയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പിനെ പുറത്തെത്തിച്ചത്.

ഇന്നലെ രാവിലെയാണ് ട്രാന്‍സ്‌ഫോര്‍മറില്‍ കുടുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കാണാന്‍ ആളുകള്‍ അടുത്തുകൂടിയെങ്കിലും ഷോക്ക് അടിക്കുമെന്ന് പേടിച്ച് ആരും അടുത്തില്ല. മാത്രമല്ല പാമ്പ് ചുറ്റിപ്പിടിക്കുമോ എന്നും ഭയവുമുണ്ടായിരുന്നു. പാമ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ നാട്ടുകാര്‍ പ്രചരിപ്പിച്ചതാണ് പാമ്പിന് രക്ഷയായത്. വാട്ട്‌സ്ആപ്പില്‍ നിന്ന് വിവരം അറിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥന്‍ സംഭവം സത്യമെന്ന് ബോധ്യപ്പെട്ടതോടെ വൈദ്യുതബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സംഭവം അറിയിച്ചിരുന്നു.

പാമ്പിന്റെ നടുഭാഗം ട്രാന്‍സ്‌ഫോര്‍മറിന് ഇടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പാമ്പിനെ പിന്നോട്ടു വലിച്ചാല്‍ നട്ടെല്ലിന്റെ വിന്യാസത്തില്‍ വ്യത്യാസം വന്ന് ചലനശേഷി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. അതിനാല്‍ വളരെ ശ്രദ്ധിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പുറത്തെടുത്ത പെരുമ്പാമ്പ് ഇപ്പോള്‍ കോടനാട് അനിമല്‍ റസ്‌ക്യു സന്ററിലാണ്. ഇന്ന് കാട്ടിലേക്ക് വിടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രാന്‍സ്‌ഫോര്‍മറിന് അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നാകാം പാമ്പ് വന്നതെന്നാണ നാട്ടുകാര്‍ പറയുന്നത്. പെണ്‍പെരുമ്പാമ്പിന് പത്തേകാല്‍ കിലോയോളം ഭാരമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com