വിലകുറവും ഡിസ്‌കൗണ്ടുമല്ല, ബോംബാക്രമണവും ലൈംഗീക അതിക്രമങ്ങളുമാണ് ഇവരെ ഓണ്‍ലൈന്‍ ഉപഭോക്താക്കളാക്കിയത് 

പുറത്തിറങ്ങിയാല്‍ നേരിടേണ്ടിവരുന്ന ബോംബ് ആക്രമണങ്ങളും ലൈംഗീക അതിക്രമങ്ങളുമാണ് ഇവരെ കടകളില്‍ നേരിട്ടെത്തിയുള്ള ഷോപ്പിംഗില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്
വിലകുറവും ഡിസ്‌കൗണ്ടുമല്ല, ബോംബാക്രമണവും ലൈംഗീക അതിക്രമങ്ങളുമാണ് ഇവരെ ഓണ്‍ലൈന്‍ ഉപഭോക്താക്കളാക്കിയത് 

പുറത്തിറങ്ങിയാല്‍ ഓരോ ചുവടിലും ഭയമാണ് ഒപ്പമുണ്ടാകുക. എപ്പോള്‍ വേണമെങ്കിലും ഒരു പൊട്ടിതെറിയുണ്ടാകാം, കണ്‍മുന്നില്‍ ആക്രമണങ്ങള്‍ നടന്നേക്കാം, പീഡനത്തിന് ഇരയാകാം, ഇത്തരം ഭയങ്ങളെല്ലാം നിഴല്‍ പോലെ പിന്നാലെ കൂടും. ആര്‍ക്കാണ് ഇക്കാലത്ത് പുറത്തിറങ്ങി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി തിരികെവരാന്‍ ധൈര്യമുള്ളത്? ചോദിക്കുന്നത് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ യുവതലമുറയാണ്.  

ഫാഷന്‍ ഉത്പന്നങ്ങള്‍ മുതല്‍ വീട്ടിലെ ഫര്‍ണീച്ചര്‍ വരെ കാബൂളിലെ ജനത വാങ്ങുന്നത് ഓണ്‍ലൈനായാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളോ വമ്പിച്ച ഡിസ്‌കൗണ്ടോ ഒന്നുമല്ല ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. മറിച്ച് പുറത്തിറങ്ങിയാല്‍ നേരിടേണ്ടിവരുന്ന ബോംബ് ആക്രമണങ്ങളും ലൈംഗീക അതിക്രമങ്ങളുമാണ് ഇവരെ കടകളില്‍ നേരിട്ടെത്തിയുള്ള ഷോപ്പിംഗില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. 

ഈ വര്‍ഷം കാബൂളില്‍ ഉണ്ടായ ചാവേറാക്രമണങ്ങളിലും മറ്റ് അതിക്രമങ്ങളിലും കൊല്ലപ്പെട്ടത് നൂറുകണക്കിനാളുകളാണ്. നിരവധി ആളുകള്‍ക്ക് ഇത്തരം ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുമുണ്ട്. പൊതുഇടങ്ങളിലെ ലൈംഗീകാക്രമണങ്ങളും ഇവിടെ വ്യാപകമാണ്. 

ഒരു ഓഫീസ് കെട്ടിടം എന്നതിനപ്പുറം ഇവിടുത്തെ പല കടകളിലും സ്റ്റോകുകള്‍ പോലും കാണാന്‍ കഴിയില്ല. ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രചാരത്തിലെത്തുന്നതിന് മുമ്പ് കാബുളിലെ പല കടകളും നഷ്ടത്തിലായിരുന്നു, വളരെ കുറച്ചു നാളുകളെ ആയൊള്ളു തങ്ങള്‍ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ തുടങ്ങിയിട്ടെന്നാണ് ഇവിടുത്തെ കടയുടമകള്‍ പറയുന്നത്. ഏറ്റവും വലിയ വെല്ലുവിളി ചാവേറാക്രമണങ്ങളാണെന്നും ഏതുനിമിഷവും ഇത് സംഭവിക്കാമെന്നതും ഒരേ സ്ഥലത്തുതന്നെ നിമിഷങ്ങള്‍ക്കകം ആക്രമണങ്ങള്‍ അരങ്ങേറാം എന്നുള്ളതും ആളുകളില്‍ വലിയ  ഭീതിയാണ് നിറച്ചിരിക്കുന്നതെന്നും അവര്‍ പറയുന്നു. 

ആസാദ്ബാസാര്‍, അഫോം, ജെവിബാസാര്‍, സറിനാസ് തുടങ്ങി നിരവധി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ അടുത്ത കാലത്തായി കാബുളില്‍ നിലയുറപ്പിച്ചുകഴിഞ്ഞു. രണ്ടു വര്‍ഷം മുമ്പ് ഇത്തരം ഷോപ്പിംഗ് വെബ്‌സൈറ്റുകള്‍ വളരെ ചുരുക്കമായിരുന്നെങ്കില്‍ ഇന്ന് അമ്പതോളം ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ ഇവിടെ കാണാം. 

ഓണ്‍ലൈന്‍ ഷോപ്പിംഗ് വളരെ നല്ല അനുഭവമാണെന്നും ഇക്കാലത്ത് ആര്‍ക്കാണ് പുറത്തിറങ്ങാനുള്ള ധൈര്യമുള്ളതെുന്നുമാണ് ഇവിടുത്തെ പുതുതലമുറയുടെ ചോദ്യം. അഫ്ഗാനിലെ ജനസംഖ്യയുടെ 60ശതമാനവും ശരാശരി 25വയസ്സ് പ്രായമുള്ളവരാണ് ഇവരധികവും സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും. 

നാല് ദശാബ്ദത്തോളം യുദ്ധം പിടിമുറുക്കിയ അഫ്ഗാന്‍ പോലുള്ള രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നത് വളരെ വ്യത്യസ്തമായ ഒരാശയമാണെന്ന് അഫ്ഗാനിസ്ഥാനിലെ വാണിജ്യ മന്ത്രാലയം വക്താവ് മുസാഫിര്‍ ക്ലാണ്ടി പറയുന്നു. ' രാജ്യത്ത് ഇതിനോടകം അംഗീകൃതമായിട്ടുള്ള  20തോളം ഓണ്‍ലൈന്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടൊപ്പം നിരവധി അംഗീകൃതമല്ലാത്തവരും വ്യാപകമായി ബിസിനസ് ചെയ്തുവരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് രാജ്യത്ത് ഇത്ര വ്യാപകമായി ഈ പ്രവണത ദൃശ്യമായി തുടങ്ങിയത്. കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് എത്താനുള്ള പ്രോത്സാഹനം വാണിജ്യമന്ത്രാലയം ഒരുക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു. 

ആളുകള്‍ ഓണ്‍ലൈനായി സാധനങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും പലപ്പോളും ഇവയുടെ വിതരണത്തിന് ആക്രമണങ്ങള്‍ തടസമാകാറുണ്ട്. അസാധാരണമായ സംഭവങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള വിതരണം പലപ്പോഴും റദ്ദാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍  കാബൂളുകാര്‍ വീണ്ടും പ്രതിസന്ധിയിലാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com